കണ്ണൂര്‍: ജയിലില്‍നിന്നിറങ്ങിയ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആറംഗസംഘത്തിലേക്ക്. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ് (31) ആണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആദികടലായി അമ്പലത്തിനടുത്തുവച്ച് വെട്ടേറ്റുമരിച്ചത്. 2016ല്‍ കണ്ണൂര്‍ സിറ്റിയിലെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ലുലു ഗോള്‍ഡിലെ സ്വര്‍ണക്കവര്‍ച്ചയിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയായ റൗഫ് ജയിലില്‍നിന്നിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം.
ഫാറൂഖിനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് കൊലയ്‌ക്കു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. സ്‌ഥലത്തെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും റൗഫ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനുശേഷം ബംഗളുരുവില്‍ നിന്നു കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ റൗഫ് അറസ്‌റ്റിലായിരുന്നു. കൊലക്കേസില്‍ ജയില്‍നിന്നു വൈദ്യപരിശോധനയ്‌ക്കു കൊണ്ടുപോകുമ്പോള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. ഇത്തരത്തില്‍ നിരവധി സംഭവങ്ങളില്‍ ജയില്‍ കിടന്നശേഷമാണ് റൗഫ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
കൊലപാതകം നടക്കുമ്പോള്‍ റൗഫിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫര്‍ഹാന്റെ മൊഴിയെടുത്തിട്ടുണ്ട്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു ഫര്‍ഹാന്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് സ്‌ഥലത്തെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൊലയാളി സംഘം ഉപയോഗിച്ചിരുന്ന ആക്‌സസ് ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നേരത്തെ തളിപ്പറമ്പിലെ ബി.ജെ.പി. നേതാവ് സുശീല്‍ കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഘം ഇത്തരത്തിലുള്ള ബൈക്ക് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
സമാനമായ വാഹനം ഇന്നലെ റൗഫിനെ വധിക്കാനും ഉപയോഗിച്ചതിനാല്‍ സുശീല്‍ കുമാറിനെ വധിക്കാനെത്തിയ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. റൗഫിനെ സഹോദരന്റെ വീട്ടിലേക്ക് രാത്രി ബൈക്കില്‍ പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഉടന്‍ പോലീസെത്തി റൗഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബ്‌ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു.
Post Your Comments