KeralaLatest News

കെവിന്‍ വധക്കേസ്; ഒന്നാം പ്രതിക്ക് പങ്കില്ലെന്ന വാദത്തെ എതിര്‍ത്ത് തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍, തുടര്‍വാദം ഇന്ന്

കോട്ടയം : കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി സാനു ചാക്കോയ്ക്കു കെവിനെ തട്ടിക്കൊണ്ടു പോയതില്‍ പങ്കില്ലെന്ന പ്രതിഭാഗം വാദം എതിര്‍ത്ത് പ്രോസിക്യൂഷന്‍. സാനു ചാക്കോ സഹോദരി നീനു താമസിക്കുന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്നും കെവിനെ തട്ടിക്കൊണ്ടു പോയി വിലപേശല്‍ നടത്തി നീനുവിനെ പിന്തിരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനായാണു 3 വാഹനങ്ങളിലായി നമ്പര്‍ പ്ലേറ്റ് ചെളി തേച്ച് മറച്ച് എത്തിയത്. ഇതുകൂടാതെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടു പോയ കാറില്‍ യാത്ര ചെയ്ത നാലാം പ്രതി റിയാസുമായി 21 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഇതോടെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. തുടര്‍വാദം ഇന്നു തുടരും.

കെവിന്റേതു കൊലപാതകമെന്ന വാദം ആവര്‍ത്തിച്ചായിരുന്നു പ്രോസിക്യൂഷന്‍ അന്തിമവാദം പൂര്‍ത്തിയാക്കിയത്. തെന്മല ചാലിയക്കര പുഴയില്‍ അരയ്‌ക്കൊപ്പം വെള്ളത്തിലാണു കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും കൊലപാതകമാണെന്നു മൊഴി നല്‍കിയെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. മൂക്കിനു മുകളില്‍ വെള്ളം ഉണ്ടെങ്കിലേ മുങ്ങി മരിക്കൂ. കെവിന്റേത് ആത്മഹത്യയോ അപകടമരണമോ അല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചിരുന്നു.

സാനു ചാക്കോയ്ക്ക് പങ്കില്ലെന്ന വാദത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന വാദങ്ങള്‍ ഇങ്ങനെ- ഒന്നാം പ്രതി സാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടു പോയ വിവരം അപ്പപ്പോള്‍ അറിയുകയും അതിനനുസരിച്ചു പെരുമാറുകയും ചെയ്തു. ഇതിന്റെ ഭാഗമായാണു കെവിന്റെ ബന്ധു സന്തോഷിനെ ഫോണില്‍ വിളിച്ചു വിലപേശല്‍ നടത്തിയത്. ഒന്നാം സാക്ഷി അനീഷ് കോടതിയില്‍ ഏഴു പ്രതികളെ തിരിച്ചറിഞ്ഞില്ല എന്ന വാദം തെറ്റ്. കെവിനെ തട്ടിക്കൊണ്ടു പോയ ചാലിയക്കരയില്‍ എത്തിയതു സാനു ചാക്കോയുടെ പങ്ക് വ്യക്തമാക്കുന്നു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നിയമാനുസൃതമാണ്.

ഒന്നാം സാക്ഷിയായ അനീഷ് സാക്ഷി മാത്രമല്ല, ഇര കൂടിയാണ്. തട്ടിക്കൊണ്ടു പോയി മണിക്കൂറുകളോളം ശാരീരികമായും മാനസികമായും ഉപദ്രവിച്ച പ്രതികളെ അനീഷ് ഒരിക്കലും മറക്കില്ല. തട്ടിക്കൊണ്ടു പോയി വിലപേശല്‍ നടത്തി കൊലപ്പെടുത്തി എന്ന വകുപ്പ് നിലനില്‍ക്കില്ല എന്ന ആരോപണം തെറ്റ്. ഭീകരവാദ കേസുകളില്‍ മാത്രം നിലനില്‍ക്കുന്ന വകുപ്പാണ് ഇതെന്ന് ആയിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്.

കെവിന്‍ താഴ്ന്ന ജാതിക്കാരന്‍ ആയതു കൊണ്ടാണ് നീനുവിനെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. നിരപരാധിയായ ആളെ തട്ടിക്കൊണ്ടു പോയി വിലപേശല്‍ നടത്തി കൊലപ്പെടുത്തിയ കിരാത നടപടിയാണ് ഇവിടെ നടന്നത്. അതിനാല്‍ വകുപ്പ് നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 9ാം പ്രതി ടിറ്റു ജെറോമിന്റെ ഫോണ്‍ കൃത്യം നടക്കുന്നതിനു മുന്‍പ് മോഷണം പോയെന്ന ആരോപണം തെറ്റ്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷവും സംഭവ സമയത്തും ഒരേ ഫോണാണു ടിറ്റു ഉപയോഗിച്ചത്. ഇതു ടിറ്റുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും ഇവയെല്ലാം സാനു ചാക്കോ പ്രതിയാണ് എന്ന കാര്യം സാധൂകരിക്കുന്ന കാര്യമാണ് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button