KeralaLatest News

സ്‌കൂളിലെ പാചകത്തിനിടെ വൃദ്ധയ്ക്ക് പൊള്ളലേറ്റു

ആലപ്പുഴ: സ്‌കൂളില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്ത് തീ പടര്‍ന്നതിനെ തുടര്‍ന്ന് വയോധികയ്ക്ക് പൊള്ളലേറ്റു. കുട്ടമ്പേരൂര്‍ പുതുശേരിയേത്ത് കമലമ്മ(84)യ്ക്കാണ് വലതുകാലിന് സാരമായി പൊള്ളലേറ്റത്. ഉടന്‍ തന്നെ കമലമ്മയെ മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കുട്ടമ്പേരൂര്‍ വിദ്യാപ്രദായനി യോഗം യു പി സ്‌കൂളിലാണ് സംഭവം. ചായ തയ്യാറാക്കുന്നതിനായി പാചകപ്പുരയിലെത്തി ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് തീ കത്തിച്ചപ്പോഴേക്കും വന്‍ ശബ്ദത്തോടെ സിലിണ്ടറില്‍ നിന്നും തീപടരുകയായിരുന്നു. വലതുകാലിന്റെ മുട്ടിനുതാഴെ പൊള്ളലേറ്റ് നിലത്തു വീണ ഇവരെ മകളും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സിലണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്തപ്പോള്‍ ഏജന്‍സിലെ ജീവനക്കാര്‍ എത്തി തകരാര്‍ പരിഹരിച്ചിരുന്നു. ഈ സിലണ്ടറില്‍ നിന്നാണ് വീണ്ടും ലീക്ക് ഉണ്ടായതെന്ന് കമലമ്മ പറഞ്ഞു. 40 വര്‍ഷമായി കുട്ടമ്പേരൂര്‍ വിദ്യാപ്രദായനി യു പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമലമ്മ പാചക ജോലി ചെയ്യുന്നു. അമ്മയുടെ സഹായിയായി മകള്‍ സുധാമണി (48) യും എത്താറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button