ചെന്നൈ : തീവണ്ടിയില്‍ നിന്ന് സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് ചെന്നൈ ഉപഭോക്തൃതര്‍ക്ക പരിഹാരകോടതി ഉത്തരവിട്ടു. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സെക്കന്‍ഡ് എ.സി കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യവേ പത്ത് ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നുകാട്ടി കമല്‍കുമാര്‍ മഹേശ്വരി, മീനാക്ഷി മഹേശ്വരി എന്നിവര്‍ നല്‍കിയ പരാതിയിലാണ് വിധി.
2015 ജനുവരി 22 നാണ് സംഭവം. തമിഴ്‌നാട് എക്‌സ്പ്രസ് ആഗ്രയിലെത്തിയപ്പോള്‍ പരാതിക്കാരുടെ രണ്ട് ബാഗുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ബാഗുകളില്‍ സ്വര്‍ണം, വജ്രാഭരണങ്ങള്‍, വിലകൂടിയ വാച്ച്, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പത്തുലക്ഷം രൂപയുടെ സാധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ ടി.ടി.ഇയ്ക്ക് പരാതി നല്‍കി.
ഇതേ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത ഒരാള്‍ ആഗ്രയ്ക്കുമുമ്പുള്ള സ്റ്റേഷനില്‍ ബാഗുമായി ഇറങ്ങുന്നത് കണ്ടിരുന്നു എന്ന് സഹയാത്രികനായ ബാങ്ക് മാനേജരും ടി.ടി.ഇയെ അറിയിച്ചു. ടിക്കറ്റില്ലാത്തവരെ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ അനധികൃതമായി യാത്രചെയ്യാന്‍ ടി.ടി.ഇയും മറ്റ് ജോലിക്കാരും അനുവദിച്ചിരുന്നു എന്നും അതിനാലാണ് സാധനങ്ങള്‍ നഷ്ടമായതെന്നും പരാതിക്കാര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ യാത്രക്കാരുടെ സാധനങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് പൊലീസ് ആണെന്ന് റെയില്‍വേ വാദിച്ചു. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ റെയില്‍വേ ഇടപെടില്ലെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് സാധനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് കോടതി വിധിച്ചു. നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും മാനസിക പ്രാസം നേരിട്ടതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.
Post Your Comments