ന്യൂഡൽഹി: മെഡിക്കൽ കമ്മീഷൻ ബില്ല് ലോക്സഭ പാസ്സാക്കി. അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കേന്ദ്രം നിശ്ചയിക്കുമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.
ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും. എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം.
സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും – എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
മെഡിക്കൽ കോളേജുകളുടെ ഫീസുൾപ്പടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി.
Post Your Comments