മുംബൈ: പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
അതേസമയം ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ഇനിയും ബിനോയ് സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും അറിയിച്ചു. ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബിനോയിയും യുവതിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്.
Post Your Comments