തിരുവനന്തപുരം: എസ്എഫ്‌ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫിനെ നയിക്കാന്‍ നാദിറ എത്തുന്നു. എസ്എഫ്‌ഐ അടക്കി ഭരിക്കുന്ന ക്യാമ്പസിലേക്ക് പഠിക്കാനും പോരാടാനും ഉറപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി കൂടിയായ നാദിറ വന്നിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് എഐഎസ്എഫ് നേതൃത്വം.
എസ്എഫ്‌ഐ കോട്ടയില്‍ യൂണിറ്റ് തുടങ്ങിയ എഐഎസ്എഫും നാദിറയുടെ വരവിന് നേതൃത്വം നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ നാദിറക്ക് കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സംഘടനാ സംവിധാനം അടിമുടി ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയും എഐഎസ്എഫ് നേതൃത്വത്തിനുണ്ട്.
നല്ല സമയത്താണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ചേരുന്നതെന്നാണ് നാദിറയുടെ പക്ഷം. എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രവേശനം നേടിയിരിക്കുന്നത്. സര്‍ക്കാറിന്റെ പ്രത്യേക സംവരണസീറ്റ് വഴിയാണ് കഴിഞ്ഞ ദിവസം നാദിറ യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. പഠിച്ചും പ്രവര്‍ത്തിച്ചും മികച്ച പൊതുപ്രവര്‍ത്തകയാകാന്‍ ഇതിലും പറ്റിയ കോളേജ് വേറെ ഏതുണ്ടെന്നാണ് നാദിറയുടെ പക്ഷം.
എസ്എഫ്‌ഐ വിരോധത്തെ കുറിച്ച് ചോദിച്ചാലും നാദിറക്ക് പറയാനൊരു കഥയുണ്ട്. തോന്നക്കല്‍ എജെ കോളേജിലെ ബിഎ ജേണലിസം പഠനകാലത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിസ്സാര വോട്ടിന് തോറ്റതിനെക്കാള്‍ നാദിറയെ വേദനിപ്പിച്ചത് ഒരു എസ്എഫ്‌ഐ നേതാവിന്റെ വാക്കുകളാണത്രെ. എന്റെ വോട്ട് ഒന്നുകില്‍ ആണിന് അല്ലെങ്കില്‍ പെണ്ണിന്, നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി കൂടിയാണ് ഇനി യൂണിവേഴ്‌സിറ്റി കോളേജിലെ സംഘടനാ പ്രവര്‍ത്തനം എന്നാണ്.
Post Your Comments