Latest NewsIndiaInternational

വിവേചനം കാട്ടിയെന്നാരോപണം; ഗൂഗിളിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി

വാഷിങ്ടന്‍ : വിവേചനം കാട്ടിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗവും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ തുള്‍സി ഗബാര്‍ഡ്. തിരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങള്‍ക്കായുള്ള അക്കൗണ്ട് ഗൂഗിള്‍ 6 മണിക്കൂര്‍ മരവിപ്പിച്ചുവെന്നാണു പരാതി. 5 കോടി ഡോളര്‍ (344 കോടി രൂപയോളം) നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രചാരണത്തിനു പണം സ്വരൂപിക്കാനും വിവരങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാനുമുള്ള അവസരം നിഷേധിച്ചത് വിവേചനമാണെന്നാണു പരാതി.എന്നാല്‍, ആരോപണം ഗൂഗിള്‍ നിഷേധിച്ചു. അസാധാരണമായ ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഓട്ടമാറ്റിക് സംവിധാനമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പുനഃസ്ഥാപിച്ചുവെന്നുമാണ് വിശദീകരണം.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റായ സെനറ്റര്‍ എലിസബത്ത് വാറനുശേഷം പാര്‍ട്ടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് മുപ്പത്തിയേഴുകാരിയായ ഗബാര്‍ഡ്. ഹവായില്‍ നിന്ന് നാലാം തവണയാണ് ഗബാര്‍ഡ് ജനപ്രതിനിധി സഭയിലെത്തുന്നത്.

തുള്‍സി ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ ജനപ്രിയയാണ്. തുള്‍സിയുടെ അമ്മ കാരള്‍ പോര്‍ട്ടര്‍ ഹിന്ദു മതവിശ്വാസിയും അച്ഛന്‍ മൈക് ഗബാര്‍ഡ് കത്തോലിക്കാ മത വിശ്വാസിയുമാണ്. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ടാണ് തുള്‍സി സത്യപ്രതിജ്ഞ ചെയ്തത്.

, ,

shortlink

Post Your Comments


Back to top button