വാഷിങ്ടൺ: ഉക്രൈനിൽ നടക്കുന്ന രക്തച്ചൊരിച്ചിലിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ എന്ത് ചെയ്തു എന്ന ചോദ്യവുമായി അമേരിക്കയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നു. 2013 മുതൽ 2021 വരെ യുഎസ് കോൺഗ്രസിൽ ഹവായിയിൽ നിന്നുള്ള പ്രതിനിധിയായിരുന്ന തുൾസി ഗബ്ബാർഡ് ആണ് ബൈഡനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. റഷ്യ ഉക്രൈൻ പിടിച്ചടക്കണം എന്നാണ് ജോ ബൈഡൻ ഭരണകൂടത്തിന്റെ താൽപര്യമെന്നും, ബൈഡൻ ഈ മനുഷ്യക്കുരുതി ഒഴിവാക്കാൻ എന്ത് ചെയ്തെന്നുമുള്ള തുൾസി ഗബ്ബാർഡിന്റെ ചോദ്യത്തിന് പിന്നാലെ, ഉക്രൈന് 600 ദശലക്ഷം ഡോളർ സുരക്ഷാ സഹായം നൽകുന്നതായി പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു.
എങ്കിലും, ബൈഡനെതിരെ വലിയ വിമർശനങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉയരുന്നത്. നാറ്റോ സൈനിക സഖ്യത്തിൽ ഉക്രൈനെ ചേർക്കില്ല എന്നൊരു വാക്ക് ബൈഡൻ പറഞ്ഞിരുന്നെങ്കിൽ, യുദ്ധം ഒഴിവാക്കാമായിരുന്നു എന്നാണ് തുൾസി ഗബ്ബാർഡ് പറയുന്നത്.
അവരുടെ വാക്കുകൾ ഇങ്ങനെ,
‘ഉക്രൈൻ നാറ്റോ അംഗം ആകുക എന്നതിന് വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളത്. സാഹചര്യം അതായിരിക്കെ, എന്തുകൊണ്ട്, ബൈഡനും, നാറ്റോ നേതാക്കളും അങ്ങനെയൊരു ഉറപ്പ് റഷ്യക്ക് കൊടുത്തില്ല? യുദ്ധം എന്തുകൊണ്ട് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നതിന്റെ ഉത്തരം ഇതാണ്, അവർക്ക് ശരിക്കും റഷ്യ ഉക്രൈനെ ആക്രമിക്കണം എന്നായിരുന്നു മോഹം. ഒന്നാമതായി കടുത്ത ഉപരോധങ്ങൾ റഷ്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ ബൈഡൻ ഭരണകൂടത്തിന് അത് നല്ലൊരു കാരണമാകും. അത് റഷ്യയെയും റഷ്യൻ ജനതയെയും വളഞ്ഞാക്രമിക്കുന്ന ആധുനികകാല തന്ത്രം.’
‘രണ്ടാമതായി അത് ശീതയുദ്ധത്തെ അരക്കിട്ടുറപ്പിക്കും. സൈനിക-വ്യവസായ ലോകത്തിനാണ് ഇതിന്റെ നേട്ടം. അവരാണ് യഥാർത്ഥത്തിൽ ബൈഡൻ ഭരണരകൂടത്തെ നിയന്ത്രിക്കുന്നത്. വാഷിങ്ടണിലെ യുദ്ധക്കൊതിയന്മാർ ഇരുവശത്ത് നിന്നും ഈ സംഘർഷം കൂട്ടി വരികയായിരുന്നു. റഷ്യ ഉക്രൈനെ കീഴടക്കിയാൽ, പുതിയ ശീതയുദ്ധം ഉറപ്പിക്കാൻ കഴിയുമല്ലോ. അൽഖ്വയിദയ്ക്ക് എതിരെ പോരാടിയ കാലത്തേക്കാൾ ടൺ കണക്കിന് പണം സൈനിക -ആയുധ ലോബിക്ക് വാരിക്കൂട്ടാം’.
എന്തായാലും തുൾസി ഗബ്ബാർഡ് പറഞ്ഞത് പോലെ തന്നെ ജർമനിയിലേക്കുള്ള നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി അടക്കം നിർത്തി വച്ച് റഷ്യക്കെതിരെ ഉപരോധങ്ങളുടെ പെരുമഴയാണ്. ഫോക്സിലെ അഭിമുഖത്തിന് പിന്നാലെ നിരവധി ട്വീറ്റുകളും തുൾസ് ഗബ്ബാർഡ് ഈ വിഷയത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് അംഗമായിരിക്കെ, ബരാക് ഒബാമയുടെ ഭരണകാലത്തും ഫോക്സ് ന്യൂസിൽ ശക്തമായ വിമർശനങ്ങളുമായി തുൾസി എത്തിയിരുന്നു. ഇസ്സാം മൗലികവാദമാണ് അമേരിക്കയുടെ ശരിയായ ശത്രു എന്ന് തുറന്നുപറയാൻ ഒബാമ മടിക്കുന്നതിന് എതിരെയായിരുന്നു അവരുടെ വിമർശനം. തീവ്രവാദത്തിനെതിരെ ശക്തമായി സംസാരിക്കുമെങ്കിലും, പ്രസിഡന്റ് സ്ഥാനാർത്ഥി പ്രചാരണത്തിനിടെ, സൈനിക ഇടപെടലുകൾക്ക് പൊതുവെ അവർ എതിരായിരുന്നു.
Post Your Comments