തിരുവനന്തപുരം : രാജ്യത്തെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം. എന്നാല്‍ ഇന്ത്യയില്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിന് 122 വര്‍ഷം മുന്‍പേ തിരുവിതാംകൂറില്‍ ഈ സംവിധാനം നിലവിലുണ്ടായിരുന്നെന്നു ചരിത്രരേഖകള്‍. സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പു ലഭിക്കാന്‍ ജനങ്ങള്‍ക്കായി സംവിധാനം ഒരുക്കിയുള്ള ഉത്തരവു കണ്ടെത്തിയത് ചരിത്ര ഗവേഷക എസ്. ഉമ മഹേശ്വരിയാണ്. 1883 ല്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പാണ് വിവരാവകാശത്തിന്റെ പഴയചരിത്രം പറയുന്നത്.
കൊട്ടാരം കാര്യാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് നിശ്ചിത തുക അടച്ചു പറ്റാവുന്ന വിപ്ലവകരമായ ഉത്തരവാണ് വിശാഖം തിരുനാള്‍ അന്ന് ഇറക്കിയത്. കിഴക്കേക്കോട്ടയിലുള്ള കൊട്ടാരം കാര്യാലയത്തില്‍ ഇതിനുള്ള അപേക്ഷ നല്‍കി ഫീസ് ഒടുക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ലഭിച്ചാല്‍ കോപ്പി തയാറാക്കി രാജാവിന് സമര്‍പ്പിക്കണം. രാജാവും ദിവാനും കണ്ടശേഷം അപേക്ഷകന് ലഭിക്കും. രേഖ ലഭിച്ചില്ലെങ്കില്‍ ഒടുക്കിയ ഫീസിന്റെ പകുതി അപേക്ഷകനു തിരികെ ലഭിക്കും. കൊല്ലവര്‍ഷം 1020 മുതല്‍ 1050 വരെയുള്ള കാലത്ത് ഇറങ്ങിയ ഉത്തരവുകളുടെ ഉള്‍പ്പെടെയുള്ള രേഖകള്‍ക്ക് ഒരു രൂപ മുതല്‍ 3 രൂപ വരെയായിരുന്നു ഫീസ്. അതിനു മുന്‍പുള്ള രേഖകള്‍ക്ക് 5 രൂപ.
ഇന്ത്യയില്‍ 2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തില്‍, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
Post Your Comments