Latest NewsIndia

അസംഖാനെതിരായ ലൈംഗികാരോപണ പരാതി;ലോക്‌സഭയില്‍ വനിത അംഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു, സര്‍വകക്ഷിയോഗത്തിലെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി : സ്പീക്കര്‍ പാനലംഗമായ രമാ ദേവിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍, സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്‍ നിരുപാധികം മാപ്പു പറയണമെന്ന് സര്‍വകക്ഷിയോഗം. മാപ്പ് പറഞ്ഞില്ലെങ്കില്‍ തുടര്‍നടപടി സ്പീക്കര്‍ക്കു തീരുമാനിക്കാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ ബിജെപി അംഗം സംഘമിത്ര മൗര്യയാണു വിഷയം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും വിഷയം ഏറ്റെടുത്തതോടെ രോഷം ആളിക്കത്തി.

അസം ഖാന്‍ നിരുപാധികം മാപ്പു പറയണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് ഇതിനെ തീര്‍ത്തു പിന്തുണച്ചില്ലെങ്കിലും സ്ത്രീ വിരുദ്ധ കാര്യങ്ങളോടു യോജിപ്പില്ലെന്നു കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇരുകക്ഷികള്‍ക്കും പറയാനുള്ളതു കേള്‍ക്കണമെന്ന അധിറിന്റെ വാദം രൂക്ഷ വിമര്‍ശനത്തിനിടയാക്കി. മുന്‍പു പലപ്പോഴും സോണിയ ഗാന്ധിക്കെതിരെ ബിജെപി നടത്തിയ ഇറ്റലി പരാമര്‍ശം ഓര്‍മിപ്പിച്ച് അധിര്‍ വീണ്ടും വിശദീകരണത്തിനു ശ്രമിച്ചതോടെ ബഹളമായി.

നിര്‍മല സീതാരാമനോടു സംസാരിക്കാന്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നിലപാടിനെ ഇവര്‍ വിമര്‍ശിച്ചതോടെ വീണ്ടും ബഹളമായി. ലോക്‌സഭയില്‍ വനിതാ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണു സര്‍വകക്ഷി യോഗം ചേര്‍ന്നത്. പരാമര്‍ശത്തിനു പിന്നാലെ ലോക്‌സഭയില്‍ നിന്നിറങ്ങിയ അസം ഖാന്‍ ഇന്നലെയും എത്തിയില്ല.

തൃണമൂല്‍ കോണ്‍ഗ്രസിലെ കല്യാണ്‍ ബാനര്‍ജി, മിമി ചക്രവര്‍ത്തി, ഡിഎംകെയിലെ കനിമൊഴി, ബിജെഡിയിലെ ഭര്‍തൃഹരി മഹ്താബ്, എന്‍സിപിയിലെ സുപ്രിയ സുളെ, എന്‍സിപി സ്വതന്ത്ര നവനീത് കൗര്‍, അപ്നാദളിനെ അനുപ്രിയ പട്ടേല്‍ തുടങ്ങിയവരെല്ലാം അസം ഖാനെതിരെ നിലപാടെടുത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നറിയിച്ചു സഭ ഉച്ച വരെ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചതോടെയാണു രംഗം ശാന്തമായത്. അസം ഖാന്‍ മാപ്പു പറയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്താന്‍ എസ്പി തയാറായിട്ടില്ല. മാപ്പ് പറഞ്ഞില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നല്‍കണമെന്നാണു ഭരണകക്ഷി നിലപാട്.

ലോക്‌സഭയിലെ വനിതാ അംഗങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി ബീഹാര്‍ എംപി രാമദേവിക്കെതിരെ അസം ഖാന്‍ നടത്തിയ ലൈംഗിക പരാമര്‍ശത്തെ അപലപിച്ചു. ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഖാനെതിരെ നടപടി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. വനിതാ എംപിമാരുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും മറ്റ് നിരവധി എംപിമാരും അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button