ന്യൂജേഴ്സി: പ്രീ–സീസൺ ടൂർണമെന്റായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ സ്പാനിഷ് റയൽ മഡ്രിഡിന് തോൽവി.
ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ സ്പാനിഷ് താരം ഡിയേഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോയ്ക്ക് കൂറ്റൻ ജയമൊരുക്കിയത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്കാണ് അത്‍ലറ്റിക്കോയുടെ ജയം. ആദ്യപകുതിയിൽ അത്‍ലറ്റിക്കോ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലായിരുന്നു. ഗോളടിക്കൊപ്പം ഇടയ്ക്ക് താരങ്ങളുടെ കയ്യാങ്കളിക്കും വേദിയായ മൽസരത്തിൽ അത്‌ലറ്റിക്കോയുടെ ഡിയേഗോ കോസ്റ്റ, റയലിന്റെ ഡാനി കാർവജാൽ എന്നിവർ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
മൽസരം അവസാന അഞ്ചു മിനിറ്റിലേക്കു കടക്കുമ്പോൾ അത്‍ലറ്റിക്കോ 7–1ന് മുന്നിലായിരുന്നു. അവസാന അഞ്ചു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് റയൽ തോൽവിഭാരം കുറച്ചത്. 1, 28, 45 (പെനൽറ്റി), 51 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകൾ. ജാവോ ഫെലിക്സ് (8), എയ്ഞ്ചൽ കൊറയ (19), വിട്ടോളോ (70) എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. നാച്ചോ (59), കരിം ബെൻസേമ (85, പെനൽറ്റി), ഹവിയർ ഹെർണാണ്ടസ് (89) എന്നിവരാണ് റയലിന്റെ സ്കോറർമാർ.
ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഒരു ടീം ഏഴു ഗോൾ നേടുന്നത് ചരിത്രത്തിലാദ്യമാണ്. ചാംപ്യൻസ് കപ്പിലെ ആദ്യ മൽസരത്തിൽ ബയൺ മ്യൂണിക്കിനെതിരായ തോൽവിയോടെ തുടക്കമിട്ട റയൽ, രണ്ടാം മൽസരത്തിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നഗരവൈരികൾക്കെതിരായ കൂറ്റൻ തോൽവി.
Post Your Comments