Latest NewsIndia

അസം ഖാന്‍ മാപ്പ് പറയണമെന്ന് സ്പീക്കര്‍, മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി

ആദിര്‍ രഞ്ജന്‍ ചൗധരി, ജയദേവ് ഗല്ല, ഡാനിഷ് അലി, സുപ്രിയ സുലേ ഉള്‍പ്പെടെ നേതാക്കളുമായാണ് സ്പീക്കര്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ചര്‍ച്ച നടത്തിയത്.

ന്യൂദല്‍ഹി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംപി അസംഖാന്‍ മാപ്പുപറയണമെന്ന് സ്പീക്കര്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസംഖാന്‍ മാപ്പു പറയണമെന്ന നിലപാടിലെത്തിയത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ അസം ഖാനെതിരെ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാക്കളായ ആദിര്‍ രഞ്ജന്‍ ചൗധരി, ജയദേവ് ഗല്ല, ഡാനിഷ് അലി, സുപ്രിയ സുലേ ഉള്‍പ്പെടെ നേതാക്കളുമായാണ് സ്പീക്കര്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ചര്‍ച്ച നടത്തിയത്.

അസം ഖാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ടെക്‌സ്‌റ്റെയില്‍സ് മന്ത്രി സ്മൃതി ഇറാനിയും ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ വനിതാ എംപിമാര്‍ ശബ്ദം ഉയര്‍ത്തിയതോടെ അസം ഖാനെതിരെ നടപടി എടുക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.അസം ഖാന്‍ നടത്തിയത് അശ്ശീല പരാമര്‍ശമാണ്. അതിനാല്‍ തന്നെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ ആവശ്യപ്പെട്ടു.

ഒന്നുകില്‍ അസം ഖാനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അല്ലെങ്കില്‍ തക്കതായ ശിക്ഷ നല്‍കണമെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലോക്‌സഭയില്‍ ഇതേ ആവശ്യം തുടരെ തുടരെ ഉയര്‍ന്നതോടെ എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ല സഭയെ അറിയിച്ചു.വ്യാഴാഴ്ച മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെയാണ് വനിത എംപിയോട് എസ്പി എംപി അസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. ബിജെപി എംപിയായ രമാ ദേവിയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ ബഹളമുയര്‍ന്നു. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് അസം ഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്.

‘എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു’ അസം ഖാന്റെ പരാമര്‍ശം. അസം ഖാന്റെ പരാമര്‍ശത്തിനെതിരെ രാമാദേവി രംഗത്തെത്തി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു. ഇതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തി. അസംഖാന്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, രമാദേവി വളരെ ബഹുമാനിതയാണെന്നും എനിക്ക് സഹോദരിയെപ്പോലെയാണെന്നും അസംഖാന്‍ വിശദീകരിച്ചു.

സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ല അസംഖാനെതിരെ ശക്തമായി രംഗത്തുവന്നു. അസംഖാന്‍ സഭയില്‍ മാപ്പുപറയണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും അസംഖാന്‍ വ്യക്തമാക്കി. അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ഇരുവരും പിന്നീട് ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button