ന്യൂഡൽഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ഡി.ടി.സി) ആദ്യ വനിതാ ഡ്രൈവർ സരിത സ്ത്രീകൾക്ക് മുഴുവൻ പ്രചോദനമാകുകയാണ്.
2015ൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ച 10 സ്ത്രീ ഡ്രൈവർമാരെ പിന്തള്ളിയാണ് സരിത ഈ അപൂർവ നേട്ടം കൈപ്പിടിയിലൊതുക്കിയത്. തെലങ്കാനയിലെ തന്റെ ഗ്രാമത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന സരിത പിന്നീട് ഒരു കോളേജ് ബസിലെ ഡ്രൈവറായി ജോലി ചെയ്തു. ഇതിൽ നിന്നും സ്ഥിരവരുമാനം ലഭിക്കാതിരുന്നപ്പോഴാണ് സരിത സർക്കാർ ജോലി നേടാൻ തീരുമാനിച്ചത്. ഇപ്പോഴും ഡി.ടി.സിയിലെ ഒരേയൊരു വനിതാ ഡ്രൈവറായി സരിത മാത്രമേയുള്ളൂ.
2012ലാണ് വി.സരിത എന്ന തെലങ്കാനക്കാരി ഡൽഹിയിലേക്ക് എത്തുന്നത്. ആസാദ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന സ്ത്രീ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു എന്ന വാർത്ത പത്രത്തിലൂടെ വായിച്ചറിഞ്ഞായിരുന്നു സരിതയുടെ ഡൽഹിയിലേക്കുള്ള ഈ വരവ്.
എന്നാൽ അഞ്ച് വർഷമായി ബസ് ഡ്രൈവറായി ജോലി നോക്കിയിട്ടും സരിതയെ ഇതുവരെ ഡി.ടി.സി സ്ഥിരപ്പെടുത്തിയിട്ടില്ല. കിലോമീറ്റർ കണക്കിലാണ് സരിതയ്ക്ക് ഇപ്പോഴും വരുമാനം ലഭിക്കുന്നത്. കിലോമീറ്ററിന് 6.5 രൂപയാണ് സരിതയ്ക്ക് ഡി.ടി.സി നൽകുന്നത്.
Post Your Comments