തിരുവനന്തപുരം: തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മേശപ്പുറത്ത് 10,000 രൂപ നിറച്ച കവര്‍ കണ്ടെത്തിയതില്‍ ദുരൂഹത. കവര്‍ കണ്ടെത്തിയത് ജനറല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിനുരാജ്. തനിക്ക് ഡ്യൂട്ടി കൈമാറി പുറത്തുപോയ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണിനെ ബിനുരാജ് വിവരമറിയിച്ചു. പണത്തെക്കുറിച്ച് പ്രവീണിന് അറിവുണ്ടായിരുന്നില്ല. ഓഫിസില്‍ ഒറ്റയ്ക്കായതിനാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനി കുമാറിനെ ബിനുരാജ് ഫോണില്‍ വിവരം അറിയിച്ചു. കോടതി ഡ്യൂട്ടിക്കു പോയ അദ്ദേഹത്തിനും പണം ആരുടേതാണെന്ന് അറിയില്ല.
കൈക്കൂലി കേസില്‍ കുടുക്കാന്‍ ആരെങ്കിലും കൊണ്ടുവച്ചതാണോയെന്ന സംശയത്തില്‍ പൊലീസിനെ വിവരമറിയിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനു പകരം ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് എക്‌സൈസ് കമ്മിഷണര്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആക്ഷേപം. പാറാവ് ഡ്യൂട്ടിക്ക് 2 പേരെങ്കിലും വേണമെന്ന നിബന്ധന നടപ്പിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. മേശയില്‍നിന്ന് പണം കണ്ടെത്തിയ സംഭവം ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചയാണ്.
എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വലിയ മയക്കുമരുന്നു കേസുകള്‍ പിടിച്ച ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. അനില്‍കുമാറിനോട് വിരോധമുള്ള പ്രതികള്‍ പണം മേശയില്‍ കൊണ്ടുവച്ച് കുടുക്കാന്‍ ശ്രമിച്ചതാകാനാണ് സാധ്യതയെന്നാണ് ഡപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ സ്വഭാവഹത്യ നടത്തി കേസുകളുടെ പ്രോസിക്യൂഷനെ ദുര്‍ബലമാക്കാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്‍ കമ്മിഷണറെ ചുമതലപ്പെടുത്തി.
എന്നാല്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ നടപടിയെടുത്തത് പണം കണ്ടെത്തിയ ബിനുരാജിനും മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീണിനുമെതിരെ. രണ്ടു പേരെയും എക്‌സൈസ് കമ്മിഷണര്‍ തൃശൂരിലെ എക്‌സൈസ് അക്കാദമിയിലേക്ക് ജോലിയില്‍ ജാഗ്രത കാണിച്ചില്ല എന്ന് കുറ്റം ചുമത്തി പരിശീലനത്തിന് അയച്ചു.
Post Your Comments