കായംകുളം: പട്ടാപ്പകല്‍ നഗരത്തിലെ തേയില വ്യാപാര സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍ എടയക്കാട് തോട്ടട കക്കര റോഡില്‍ റാഷി ഹൗസില്‍ മുഹമ്മദ്സാജിദി(47)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വന്ന കാറിന്റെ ഉടമയെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. രാത്രി 12 മണിയോടെ കായംകുളം പോലീസെത്തി അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ ഒരു ലക്ഷം രൂപയും കണ്ടെടുത്തു.
പോലീസ് സ്റ്റേഷന് സമീപം മുക്കവലയിലുളള പ്രഭാകരന് ടീ മര്‍ച്ചന്റ് എന്ന തേയില വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് ഒരു ലക്ഷം രൂപ മോഷ്ടിച്ചത്. സമീപങ്ങളിലെ കടകളില്‍ നിന്നും ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷണത്തിന് ശേഷം അല്പം മാറി റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ രക്ഷപെടുകയായിരുന്നു. കാര്‍ ഇയാളുടെ ഭാര്യയുടെ പേരിലാണെങ്കിലും ഇയാളാണ് ഉപയോഗിച്ചു വന്നത്.
ഭാര്യയുമായി പിണങ്ങി എറണാകുളം കലൂരിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാളെ കഴിഞ്ഞ രാത്രി ഏഴിന് ഫ്ളാറ്റില്‍ നിന്ന് പിടികൂടിയത്. 2014 ല്‍ പയ്യോളിയില്‍ മോഷണക്കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയില്‍ ടൂറിസ്റ്റ് ഗൈഡായും ഇയാള്‍ ജോലി ചെയ്തിരുന്നു.
Post Your Comments