ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടവിലാക്കിയ ഇറാന്‍ കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ് കപ്പലിലെത്തി 24 ഇന്ത്യക്കാരെ സന്ദര്‍ശിച്ചത്. മോചനത്തിനായി ഇന്ത്യ ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലിലുള്ളത്. സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പല്‍ ജൂലായ് നാലിനാണ് ബ്രിട്ടന്‍ പിടികൂടി തടവിലാക്കിയത്. ഇതേ തുടര്‍ന്ന് ബ്രിട്ടന്റെ ഒരു കപ്പല്‍ ഇറാനും പിടികൂടുകയുണ്ടായി.
സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന ബ്രിട്ടന്റെ സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയിരുന്നു.ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
Post Your Comments