റിയാദ്: ഓണ്‍ലൈന്‍ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സൗദി. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സികളിലാണ് നിരീക്ഷണ സംവിധാനം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അമിത കൂലി ഈടാക്കുന്നത് തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓരോ ടാക്സി കാറിലും അഞ്ചു നിരീക്ഷണ ക്യാമറകള്‍ വീതം സ്ഥാപിക്കണമെന്നാണ് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ നിയമാവലി ആവശ്യപ്പെടുന്നത്. പുതിയ നിബന്ധന പബ്ലിക് ടാക്സികള്‍ക്കും ഫാമിലി ടാക്സികള്‍ക്കും എയര്‍പോര്‍ട്ട് ടാക്സികള്‍ക്കും ബാധകമാണ്. മുഴുവന്‍ ടാക്സി കാറുകളിലും ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.
പദ്ധതിപ്രകാരം കാറുകളുടെ വ്യത്യസ്ഥ ഭാഗങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ ഭാഗത്തും വാഹനം പുറത്തു നിന്ന് നിരീക്ഷിക്കുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് വെയ്ക്കുന്ന ക്യാമറകള്‍ യാത്രക്കാരുടെ മുഖം വ്യക്തമാകുന്ന രീതിയിലായിരിക്കണം സ്ഥാപിക്കേണ്ടതെന്നും ഈ വ്യവസ്ഥയിലുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും അവരുടെ റൂട്ടുകള്‍ കൃത്യമായി അറിയുന്നതിനും യാത്രക്കാരില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിന് ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ ഡ്രൈവര്‍ തിരഞ്ഞെടുക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
Post Your Comments