തിരുനെല്‍വേലി: ഡി.എം.കെ. നേതാവും തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയറേയും ഭര്‍ത്താവിനേയും വേലക്കാരിയേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡി.എം.കെ നേതാവ് ഉമാ മഹേശ്വരി(65) ഭര്‍ത്താവ് മുരുഗശങ്കരന്‍ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെല്‍വേലി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അഞ്ജാതര്‍ മൂവരേയും കൊലപ്പെടുത്തിയത്.
ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ഫോറന്‍സിക് സംഘവും പോലീസ് നായയും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. തിരുനെല്‍വേലി കോര്‍പറേഷന്റെ ആദ്യ മേയറുമായിരുന്നു. 2011ല്‍ ശങ്കരന്‍കോവില്‍ സീറ്റില്‍ ഡി.എം.കെ ടിക്കറ്റില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എന്‍ജിനീയറായിരുന്നു മുരുഗശങ്കരന്‍. സമീപത്ത് താമസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
Post Your Comments