KeralaLatest News

പൊട്ടക്കിണറ്റില്‍ വീണ നായ്ക്കുട്ടിയെ എല്ലാവരും ഉപേക്ഷിച്ചു; ഒടുവില്‍ കൈസര്‍ പുറത്തെത്തിയത് മൂന്ന് വര്‍ഷത്തിന് ശേഷം

കാസര്‍കോട്: പൊട്ടക്കിണറ്റില്‍ വീണ കൈസര്‍ എന്ന നായ്ക്കുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം. കിണറ്റില്‍ വീണതോടെ അവിടെക്കിടന്ന് ചാകട്ടെയെന്നു പറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചെങ്കിലും കിണറ്റിനടിയിലെ ചെറുഗുഹ അവന് വാസസ്ഥലമൊരുക്കി. അതും പട്ടിണികിടക്കാതെ തന്നെ. കാരണം അവന് എന്നും അന്നവുമായി അബൂബക്കര്‍ എന്ന ഓട്ടോ ഡ്രൈവര്‍ എത്തും. എന്നും രാത്രി കൈസറിനായി ഇറച്ചിക്കഷണങ്ങളും എല്ലും മീനും ചിലപ്പോള്‍ ബിരിയാണിയുമൊക്കെ എത്തും. അവന്‍ അതൊക്കെ സന്തോഷത്തോടുകൂടി തിന്ന് തീര്‍ത്ത് കിണറിനുളളിലെ ഗുഹയ്ക്കകത്ത് അന്തിയുറങ്ങും. കുഴപ്പങ്ങളൊന്നും ഇല്ലാതെ അവന്‍ മൂന്ന് മഴക്കാലം ആ കിണറ്റില്‍ കഴിഞ്ഞത്. അവസാനം, കൈസറിനെ കഴിഞ്ഞ ദിവസം പുറത്തെത്തിച്ചത് അവന്റെ അന്നദാതാവായ അബൂബക്കറിന്റെ മരണശേഷവും.

കാഞ്ഞങ്ങാട് കൂളിയങ്കാലിലെ ഓട്ടോ ഡ്രൈവര്‍ അബൂബക്കറിന്റെ വീടിന് 50 മീറ്റര്‍ ദൂരെയുള്ള പൊട്ടക്കിണറ്റിലാണ് കൈസര്‍ മൂന്നുവര്‍ഷം മുമ്പ് വീണത്. ഒരു ദിവസം കിണറ്റില്‍നിന്നും ശബ്ദംകേട്ട അബൂബക്കര്‍ ചെന്നുനോക്കിയപ്പോഴാണ് വെളുത്ത് സുന്ദരനായ നായ്ക്കുട്ടിയെ കണ്ടത്. അഗ്‌നിരക്ഷാസേനയിലെ പരിചയക്കാരെ വിളിച്ച് നായ്ക്കുട്ടിയെ പുറത്തെടുക്കുമോയെന്ന് ചോദിച്ചപ്പോള്‍ ‘അതിന് വകുപ്പില്ല’ എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. പലരോടും സഹായം ആവശ്യപ്പെട്ടപ്പോള്‍ ‘പൊട്ടക്കിണറല്ലേ അവിടെ കിടന്ന് ചത്തോട്ടെ’ യെന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ മറുപടി. 64 കാരനായ അബൂബക്കറിന് അതിന് ഭക്ഷണം നല്‍കുക എന്നതിനപ്പുറം നായ്ക്കുട്ടിയെ മുകളിലെത്തിക്കാന്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

12 പൂച്ചകള്‍ക്ക് ദിവസവും അന്നം നല്‍കിക്കൊണ്ടിരുന്ന അബൂബക്കറിന് ഒരു നായ്ക്കുട്ടി അധികമായിരുന്നില്ല. ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട്ടിലെ ആറു പൂച്ചകളും പരിസരത്തെ വേറെ ആറ് പൂച്ചകളും അബൂബക്കറിനെ കാത്തിരിക്കും. ഹമീദ് കൂളിയങ്കാലിന്റെ ഫാസ്റ്റ്ഫുഡ് കടയില്‍ മിച്ചം വരുന്ന ഭക്ഷണവുമായി രാത്രി 12 മണിയോടെ അബൂബക്കര്‍ വീട്ടിലെത്തും. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി, ഒരു ചെറുപൊതിയുമായി നേരെ കിണറിനടുത്തേക്ക്. കൈസര്‍ എന്നത് അബൂബക്കറിട്ട പേരാണ്. അങ്ങനെ അബൂബക്കറിന്റെ ദയയില്‍ കൈസര്‍ പ്രാണന്‍ നിലനിര്‍ത്തി.

അതിനിടെ അബൂബക്കറിന് വൃക്കസംബന്ധമായ അസുഖം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഈ സമയങ്ങളില്‍ ഭാര്യ റാബിയയാണ് നായ്ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍, അസുഖം ഭേദമാകാതെ രണ്ടാഴ്ച മുമ്പ് അബൂബക്കര്‍ മരിച്ചു. ഇതോടെ ഭാര്യ റാബിയ തറവാട്ടു വീട്ടിലേക്ക് പോയി. തുടര്‍ന്ന്, കഴിഞ്ഞ ദിവസം കര്‍ഷകനും പാചകക്കാരനുമായ നൗഷാദിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ പട്ടിണിയാല്‍ അവശനായ നായയെ കിണറ്റില്‍ നിന്നും കരക്ക് എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button