ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ വരാനാഗ്രഹിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രിയങ്ക ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. ഇതോടെ നേരത്തെ മുതൽ അധ്യക്ഷ സ്ഥനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും.
ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക പോയതും പൊലീസ് തടഞ്ഞപ്പോൾ സ്വീകരിച്ച നിലപാടുകളും ദേശീയ തലത്തിൽ വലിയ ചർച്ചയായി. ഇതോടെ കോൺഗ്രസിനെ ഊർജസ്വലമായി മുന്നോട്ട് കൊണ്ട് പോകാൻ പ്രിയങ്കക്കാകുമെന്ന വിലയിരുത്തലുകളുമുണ്ടായി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കളിൽ നിന്ന് ഉൾപ്പടെ കോൺഗ്രസിൽ നിന്ന് ആവശ്യം ശക്തമായിരുന്നു.
ഉടൻ പ്രവർത്തക സമിതി യോഗം ചേർന്ന് അധ്യക്ഷനെ കണ്ടെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മുതിർന്ന നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിംഗ്, മുകുൾ വാസ്‌നിക്, കുമാരി ഷെൽജ, യുവനിരയിൽ നിന്ന് സച്ചിൻ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരെ ഉൾപ്പെടുത്തിയ പട്ടിക നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും.
Post Your Comments