ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയെ സമീപിച്ചു. പരാതി ഒത്തുതീര്‍പ്പായെന്നും കേസ് മുന്‍കൂട്ടി പരിഗണിച്ച് തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും, പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത അപേക്ഷ നല്‍കിയിരുന്നു.ഈ അപേക്ഷയിലാണ് പരാതിക്കാരി ഹാജരായി കേസ് അവസാനിപ്പിക്കാന്‍ സന്നദ്ധതയറിയിച്ചത്.
കേസിലെ വിധി കോടതി ചൊവ്വാഴ്ച പ്രസ്താവിക്കും. നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടില്‍നിന്ന് കിട്ടിയെന്നും ഇതേത്തുടര്‍ന്ന് ഒത്തുതീര്‍പ്പായതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. കേസില്‍ ഇതുവരെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ ജൂണ്‍ 20ന് ഒറ്റപ്പാലം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസില്‍ അലമാരയിലെ ബാഗിലിരുന്ന 38,000 രൂപ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു പരാതി.
പരാതിക്കാരിക്കൊപ്പം കോടതിയിലെത്തിയത് നഗരസഭാ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.പ്രതിചേര്‍ക്കപ്പെട്ടയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എങ്കിലും അവര്‍ രാജിവെക്കാതെ, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സ്ഥിരംസമിതി അധ്യക്ഷയായി ഇപ്പോഴും തുടരുകയാണ്.
Post Your Comments