വാഷിംഗ്ടണ്‍: ജമ്മു കാഷ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെ തള്ളി ഇന്ത്യ. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി വൈറ്റ്ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തവെയായിരുന്നു ട്രംപിന്റെ വാഗ്ദാനം. കാഷ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അമേരിക്കന്‍ ഇടപെടല്‍ തേടിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
തനിക്കു സഹായിക്കാന്‍ കഴിയുമെങ്കില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ഇമ്രാനോടു ട്രംപ് പറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം ഉണ്ടായത്. കാഷ്മീര്‍ പ്രശ്നം ഇന്ത്യ- പാക്കിസ്ഥാന് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല- രവീഷ്കുമാര് ട്വീറ്റ് ചെയ്തു. എന്നാല്‍ അത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിംല കാരാറും ലഹോര്‍ പ്രഖ്യാപനവുമനുസരിച്ചും കാഷ്മീര്‍ വിഷയമടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെന്നും രവീഷ്കുമാര് ട്വിറ്ററില്‍ കുറിച്ചു. കാഷ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍, പാക്കിസ്ഥാന് യുഎന്നില്‍ അടക്കം പുറത്തുനി ന്നുള്ള ഇടപെടല്‍ ആവശ്യപ്പെട്ടു. പക്ഷേ, യുഎന്‍ ഉള്‍പ്പെടെ ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണെന്ന നിലപാടിനോടു യോജിക്കുകയാണു ചെയ്തത്.
ഇന്ത്യ-പാക് പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെടണമെന്ന യുഎസിന്റെ ദീര്‍ഘകാല നയത്തില്‍നിന്നുള്ള വ്യതിചലനമായാണ് ട്രംപിന്റെ ഈ വാഗ്ദാനത്തെ കരുതപ്പെടുന്നത്.
Post Your Comments