തലശ്ശേരി: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാള്‍ ഫല്‍ഗുനന്റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. നേരത്തെ ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിന് പിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന് കോളജ് പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ക്യാംപസിലെ എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പാള്‍ നീക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രിൻസിപ്പൽ എടുത്തു മാറ്റിയ കൊടിമരം വീണ്ടും എബിവിപിക്കാർ സ്ഥാപിച്ചിരുന്നു.
Post Your Comments