വാഷിങ്ടൻ: ലോകം ഉറ്റുനോക്കിയിരുന്ന ചന്ദ്രയാൻ 2 പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി. സോഷ്യൽ മീഡിയയിലെ നാസയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അഭിനന്ദന സന്ദേശം അറിയിച്ചത്.
ചന്ദ്രയാന്റെ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് വഴി പിന്തുണ നൽകുന്നുണ്ട്. അതുവഴി ഇന്ത്യയുടെ നിർണായക ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും നാസ പറഞ്ഞു.
നേരത്തേ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജൂലൈ 22ന് ഉച്ചയ്ക്ക് 2.43നാണു ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണു ചന്ദ്രയാൻ 2 പേടകത്തിൽ നിന്നുള്ള വിക്രം ലാൻഡർ ഇറങ്ങുക. ഇതിൽ നിന്ന് സെപ്റ്റംബർ ഏഴിന് പ്രഗ്യാൻ എന്ന റോവറും പുറത്തിറങ്ങും.
മനുഷ്യരുമായി ചന്ദ്രനിലേക്ക് നാസ നടത്താനിരിക്കുന്ന ആർടിമിസ് ദൗത്യത്തിനും ചന്ദ്രയാനില്‍ നിന്നു ലഭിച്ച വിവരം ഉപകാരപ്രദമാകുമെന്നും നാസ കുറിച്ചു. 2022ലാണ് നാസ ആർടിമിസ് ദൗത്യം പദ്ധയിടുന്നത്. മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ ദൗത്യ പ്രകാരം ദക്ഷിണ ധ്രുവത്തിലാണ് ആസ്ട്രോനട്ടുകൾ ഇറങ്ങുക.
Post Your Comments