ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡേമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം. ഇതോടെ പ്രധാനമന്ത്രി ഷിന്‍സോ അബെ അധികാരത്തില്‍ തുടരുമെന്നുറപ്പായി. 245 സീറ്റുള്ള പാര്‍ലമെന്റിലെ 124 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 69 സീറ്റിലാണ് ആബേ നേതൃത്വം നല്കുന്ന സംഖ്യത്തിന്റെ വിജയം. നവംബര്‍ വരെ അധികാരത്തില്‍ തുടരുകയാണെങ്കില്‍ ജപ്പാനിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയാകും ആബേ.
സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും പ്രതിജ്ഞയെടുത്ത് 2012 ഡിസംബറിലാണ് ആബേ അധികാരത്തിലേറിയത്. ലിബറല്‍ ഡേമോക്രാറ്റിക് പാര്‍ട്ടിയും ചെറു പാര്‍ട്ടിയായ കോമേയ്റ്റോ പാര്‍ട്ടിയും ചേര്‍ന്നതായിരുന്നു സംഖ്യം. എന്നാല്‍ ഭരണഘടനാ പരിഷ്കരണത്തിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സംഖ്യത്തിനായില്ല. കൂടാതെ തെരഞ്ഞെടുപ്പില്‍ പോളിങ് 50 ശതമാനത്തില്‍ താഴെയായിരുന്നു. 1995ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍സ്റ്റിറ്റിയുഷന്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സൈനിക മേഖലയില്‍ കൂടുതല്‍ പരിഷ്കരണം ലക്ഷ്യമിടുന്ന ആബേക്ക് ഭരണഘടന ആര്‍ട്ടിക്കിള്‍ ഒമ്പതില്‍ മാറ്റം വരുത്താന്‍ സഭയില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 85 സീറ്റുകളുടെ കുറവുണ്ട്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനാവും ആബേയുടെ ശ്രമം.
Post Your Comments