കർണാടകത്തിന്റെ ഭാവി നാളെ അറിയാനാവുമെന്ന് കരുതാം. വ്യാഴാഴ്ച നിയമസഭയിൽ തുടങ്ങിയ വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഭരണപക്ഷം തയ്യാറാവുമോ എന്നതാവും നാളെ എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈയിലുള്ള വിമത എംഎൽഎമാരെ തിരികെ കൊണ്ടുവന്ന് സഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാമെന്ന പ്രതീക്ഷ ഇന്നിപ്പോൾ സർക്കാരിനുണ്ടെന്ന് തോന്നുന്നില്ല. അടുത്തെങ്ങും വിമത എംഎൽഎമാരുമായി ബന്ധപ്പെടാൻ പോലും അവർക്കായിട്ടില്ല. വിമത നേതാവ് രാമലിംഗ റെഡ്ഢിയെ കൂടെ നിർത്താനായെങ്കിലും അപ്പുറത്തേക്ക് പോയ എംഎൽഎമാരെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ല. ഇനിയിപ്പോൾ കോൺഗ്രസിനും ജെഡിഎസിനും ആകെ പ്രതീക്ഷ സുപ്രീം കോടതിയിലാണ്. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിമത സാമാജികരെ നിർബന്ധിച്ചുകൂടാ എന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ തൂങ്ങിയാണ് അവർ നിലകൊള്ളുന്നത് എന്നതോർക്കുക. പിസിസി പ്രസിഡന്റ് സമർപ്പിച്ച ഹർജിയിൽ കോടതി എന്തെങ്കിലും അനുകൂല നിലപാടെടുത്താൽ സൗകര്യമാവും എന്നവർ കരുതുന്നു.
നിയമസഭാ സമ്മേളിച്ച വ്യാഴാഴ്ച മുതൽ സർവർക്കുമറിയാവുന്ന കാര്യമാണ്, ഈ സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷമില്ല എന്ന്. അത് സഭയിൽ തന്നെ വ്യക്തമാണ്. എങ്കിലും എത്രനാൾ പിടിച്ചുനിൽക്കാമോ അത്രയും നാൾ നോക്കാം എന്നതായിരുന്നു അവരുടെ ചിന്ത. അന്ത്യശ്വാസം വലിക്കുമ്പോഴും അവർ ഭരണതലത്തിൽ കച്ചവടം വേണ്ടത് പോലെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ രണ്ടാഴ്ചയിൽ നടന്ന സ്ഥലം മാറ്റങ്ങൾ തന്നെ അതിന് ഒരു ഉദാഹരണം. അഴിമതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു…….. അവർ അത് തുറന്നു പറഞ്ഞു. എന്നിട്ടും ഒരു മാറ്റവുമില്ലാതെ കാര്യങ്ങൾ നീങ്ങി. ഇനി ഏറെ ദിവസങ്ങളില്ല എന്നത് മന്ത്രിമാർക്കും അറിയാമല്ലോ.
സുപ്രീം കോടതിയിൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്, വിപ്പ് നൽകാനുള്ള അവകാശം ഹനിക്കുന്നതാണ് നേരത്തെയുള്ള ഉത്തരവ് എന്നാണ്. യഥാർഥത്തിൽ വിമത എംഎൽഎമാരുടെ രാജിക്കത്ത് സ്വീകരിക്കാൻ സ്പീക്കർ തയ്യാറാവാതിരുന്നത് കൂടി കണക്കിലെടുത്ത്, അല്ലെങ്കിൽ ആ സാമാജികരുടെ അവകാശം കൂടി കണക്കിലെടുത്താണ്, കോടതി അങ്ങിനെ ഒരു ഉത്തരവ് നൽകിയത്. തങ്ങൾ രാജി വെക്കുന്നു, എംഎൽഎമാരായി തുടരാൻ താല്പര്യമില്ല എന്ന് ആ സാമാജികർ കോടതി സമക്ഷം ബോധിപ്പിച്ചതാണ്; അത് കോടതി ശരിവെച്ചു, അംഗീകരിച്ചു. എന്നാൽ സ്പീക്കർക്ക് അത് ബോധ്യമാവുന്നില്ല എങ്കിൽ പ്രശ്നം നിയമപരമോ ഭരണഘടനാ പരമോ അല്ലെന്ന് വ്യക്തം. അതാണ് യഥാർഥത്തിൽ കോടതി തിരിച്ചറിഞ്ഞത്. പക്ഷെ കോടതി ഉത്തരവിൽ പിടിച്ചുതൂങ്ങി സർക്കാരിനെ രക്ഷിക്കാമെന്ന് കോൺഗ്രസുകാരും ജെഡിഎസുകാരും കരുതി. എന്നാൽ അത് ഇനി കോടതി അംഗീകരിക്കുമോ……. കോടതിയിൽ നടക്കാനുള്ള ഒരു കാര്യത്തെക്കുറിച്ച് മുൻകൂട്ടി പറഞ്ഞുകൂടല്ലോ. വ്യക്തിപരമായി പറയട്ടെ, ഈ ഹർജി അംഗീകരിക്കാൻ കോടതി തയ്യാറാവുമെന്നു കരുതുന്നില്ല; അതാണ് എന്റെ മനസ്സ് പറയുന്നത്.
നിയമസഭയിൽ വോട്ടിനിട്ടാൽ ഈ സർക്കാർ നിലംപതിക്കും. അക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പോലും സംശയമുണ്ടാവില്ല. അതുകൊണ്ട് വരുന്നത് വരട്ടെ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതല്ലെങ്കിൽ ഗവർണർ നൽകിയ നിർദ്ദേശം അവഗണിക്കാൻ അദ്ദേഹം തയ്യാറാവുമായിരുന്നില്ല. എല്ലാം നഷ്ടപ്പെട്ട ഒരാളുടെ നിലപാടാണിത്, മനോഗതിയാണിത് എന്ന് വ്യക്തം. മറ്റൊന്ന്, അദ്ദേഹം തന്നെ സഭയിൽ സൂചിപ്പിച്ചത് പോലെ, കോൺഗ്രസുകാർക്കും ഈ സർക്കാർ നിലനിൽക്കണമെന്നില്ല. എന്തെല്ലാം കച്ചിത്തുരുമ്പ് കിട്ടുന്നുവോ, അതിലൊക്കെ പിടിച്ചു നിൽക്കാൻ ശ്ര മിക്കുക; സ്പീക്കർ കൂടി സഹായത്തിനുള്ളപ്പോൾ അത് സാധ്യമാവുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, സഭയിൽ ഭൂരിപക്ഷമില്ലെന്ന് വ്യക്തമുള്ള ഒരു സർക്കാരിനെ എങ്ങിനെയാണ് സ്പീക്കർ സംരക്ഷിക്കുന്നത് എന്നതാണ്. ഇത്തരമൊരു സംഭവം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യമാവാം.
ഇപ്പോൾ സ്പീക്കറും കോൺഗ്രസ്- ജെഡിഎസ് നേതാക്കളും പറയുന്നത് വിമത സാമാജികരെ അയോഗ്യരാക്കും, അവർക്ക് ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത നിലക്ക് തീരുമാനമെടുക്കും എന്നൊക്കെയാണല്ലോ. അതൊക്കെ അവർക്ക് പറയാം. എന്നാൽ എന്താണ് നടക്കുക എന്നത് കൂടി ഓർക്കേണ്ടതുണ്ട്. സ്പീക്കർ വിചാരിച്ചാൽ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടുപോലുമോ എംഎൽഎയെ പിടിച്ചു പുറത്താക്കാൻ, അയോഗ്യനാക്കാൻ കഴിയുമോ?. സംശയമാണ്. ഒരാൾ കൂറുമാറ്റം നടത്തി, അല്ലെങ്കിൽ അയോഗ്യനാക്കാൻ തക്ക തെറ്റ് ചെയ്തു എന്ന് കണ്ടാൽ നേരെ പുറത്താക്കലല്ല നമ്മുടെ നിയമ സമ്പ്രദായം. സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ട് ആദ്യം ബന്ധപ്പെട്ട എംഎൽഎക്ക് നോട്ടീസ് നൽകണം…… വിശദീകരണം ചോദിക്കണം. അത് ലഭിക്കാൻ മിനിമം സമയം സാമാജികർക്ക് കൊടുത്തല്ലേ തീരൂ….. ഇന്ന് വൈകീട്ടത്തേക്ക് വിശദീകരണം കിട്ടണം എന്നൊക്കെ സ്പീക്കർക്ക് പറയാനാവില്ല. ഈ വിശദീകരണം ചോദിക്കുമ്പോൾ മുതൽ എംഎൽഎക്ക് കോടതിയെ സമീപിക്കാം. ഇന്നത്തെ നിലക്ക് അത്തരമൊരു പുറത്താക്കൽ നടക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും വേണ്ടിവരും……… കോടതി കേസുകൾ ഉയർന്നുവന്നില്ലെങ്കിൽ. കോടതി ഇടപെട്ടാൽ അത് വീണ്ടും നീണ്ടുപോയേക്കാം.
ഇതിനോടൊപ്പം വായിക്കേണ്ടത്, എത്രനാൾ ഈ സർക്കാർ അധികാരത്തിലുണ്ടാവും?. കൂടിവന്നാൽ രണ്ടുനാൾ കൂടി. സർക്കാർ സ്ഥാനമൊഴിഞ്ഞാൽ അല്ലെങ്കിൽ പുറത്താക്കപ്പെട്ടാൽ, സ്പീക്കർക്കും അധികം താമസിയാതെ ചുമതല ഒഴിയേണ്ടിവരുമല്ലോ. പുതിയ സർക്കാർ വന്നാൽ ആദ്യം ചെയ്യാൻ പോകുന്നത് സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവരലാവും എന്നതാർക്കാണ് അറിയാത്തത് ; അതുകൊണ്ട് തന്നെ ഈ സ്പീക്കർക്ക് ഈ എംഎൽഎമാരെ അയോഗ്യരാക്കാൻ കഴിയുമോ അഥവാ അതിനുള്ള സാവകാശം ലഭിക്കുമോ എന്നത് സംശയമാണ്. സൂചിപ്പിച്ചത്, വെറും ഭീഷണികൾ മുഴക്കൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ്- ജെഡിഎസ് നേതാക്കളിൽ നിന്ന് കാണുന്നത്. അത് നടക്കാത്ത കാര്യങ്ങളുമാണ്. എംഎൽഎമാർ അതിനൊക്കെ വഴങ്ങാത്തത് അവർക്ക് കാര്യങ്ങൾ അറിയാം എന്നതുകൊണ്ടുമാണ്.
Post Your Comments