ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗത്തിന്റെ പണം മോഷ്ടിച്ച കേസില്‍ മറ്റൊരു സ്ഥിരംസമിതി അധ്യക്ഷയെ പ്രതി ചേര്‍ത്തതിന് പിന്നാലെ അന്വേഷണോദ്യോഗസ്ഥന് സ്ഥലം മാറ്റും. ഒറ്റപ്പാലം എസ്.ഐ വിപിന്‍ കെ. വേണുഗോപാലിനെയാണ് സ്ഥലം മാറ്റിയത്. പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തക്ക് സ്ഥലം മാറ്റിയ അദ്ദേഹത്തോട് ശനിയാഴ്ച രാവിലെ ചുമതലയേല്‍ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോഷണക്കേസില്‍ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയതായാണ് സൂചന. ഇതിന് പിന്നാലെയാണ് എസ്.ഐ.യെ സ്ഥലംമാറ്റിയത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയസമ്മര്‍ദം പോലീസിനുമേലുണ്ടായിരുന്നു. ഒറ്റപ്പാലം എസ്.ഐ.യായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് വിപിനെ സ്ഥലം മാറ്റിയത്.
കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസില്‍വെച്ച് മോഷണം പോയത്.കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വര്‍ണ നാണയവും മോഷണം പോയെന്നാണ് കണക്ക്. മോഷണവുമായി ബന്ധപ്പെട്ട ആരോപണം നിലനില്‍ക്കുന്നതിനാല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സുജാതയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.
Post Your Comments