തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. 29 വരെയാണു മൂന്നാം മജിസ്‌ട്രേട്ട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
4 മുതല്‍ 6 വരെ പ്രതികളും എസ്എഫ്‌ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമല്‍ എസ്.നായര്‍, ആദില്‍ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ കോടതി തള്ളി. റിമാന്‍ഡിലുളള എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും.
ശിവരഞ്ജിത്ത് അഖിലിനെ കുത്താന്‍ ഉപയോഗിച്ച രക്തക്കറ പുരണ്ട കത്തി ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ അപേക്ഷ സമര്‍പ്പിക്കും. അതേസമയം പ്രതികള്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.
നസീമിന്റെ കയ്യിലും കത്തി ഉണ്ടായിരുവെന്നും മഹസര്‍ തയാറാക്കിയ വേളയില്‍ ലഭിച്ച ആ കത്തി തന്റേതാണെന്നു നസീം സമ്മതിച്ചതായും കന്റോണ്‍മെന്റ് സിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണു പ്രതികളെ കോടതിയില്‍ എത്തിച്ചത്. എന്തെങ്കിലും പരാതി ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു പ്രതികളുടെ മറുപടി.
Post Your Comments