ന്യൂഡല്‍ഹി : അതിസമ്പന്നര്‍ക്കു മേല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്നു സൂചിപ്പിച്ചു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അതിസമ്പന്നര്‍ സമൂഹത്തിനും രാഷ്ട്ര നിര്‍മാണത്തിനും കൂടുതല്‍ സംഭാവന ചെയ്യണമെന്നു ലോക്‌സഭയില്‍ ധനബില്ലിലുള്ള ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. ധനബില്‍ പാസ്സാക്കിയതോടെ, ലോക്‌സഭയില്‍ ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പത്രങ്ങളും മാസികകളും അച്ചടിക്കുന്ന കടലാസിനുള്ള 10 % ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന ആവശ്യത്തോട് മൗനം പാലിച്ചു.
റിസര്‍വ് ബാങ്ക്, സെബി, ബെനാമി, ജിഎസ്ടി നിയമഭേദഗതികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനബില്ലില്‍ നികുതിയേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ എന്‍.കെ. പ്രേമചന്ദ്രന്‍ ചോദ്യം ചെയ്തു. നികുതി നിര്‍ദേശങ്ങള്‍ മാത്രം കൈകാര്യം ചെയ്യേണ്ട ധനബില്ലില്‍ റിസര്‍വ് ബാങ്കിന്റേതുള്‍പ്പെടെ മറ്റു നിയമഭേദഗതികള്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നു കാട്ടി അദ്ദേഹം ക്രമപ്രശ്‌നം ഉന്നയിച്ചു.
ജനജീവിതം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണു ബില്ലിലുള്ളതെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍വല്‍ക്കരണം എന്നിവയ്ക്ക് ഊര്‍ജം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.വ്യക്തികള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ 2 % നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിനു മന്ത്രി വഴങ്ങിയില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച ഒഴിവാക്കി പിന്‍വാതില്‍ നിയമനിര്‍മാണം നടത്താനാണ് ഇവയെല്ലാം ധനബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Post Your Comments