പരവൂര്‍: തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവാക്കള്‍ രണ്ടു മാസത്തെ ദുരിതജീവിതത്തിന് ശേഷം നാട്ടിലെത്തി. കൊല്ലം പരവൂര്‍ കലയ്‌ക്കോട് ചൈത്രത്തില്‍ സുബിന്‍, പൂതക്കുളം സ്വദേശികളായ അഖില്‍, പാറയില്‍ വീട്ടില്‍ വിഷ്ണു, വര്‍ക്കല ഇടവിള വീട്ടില്‍ വിനീഷ് വിജയന്‍ എന്നിവര്‍ അല്‍ഐനിലും കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് അജ്മാനിലുമാണു കുടുങ്ങിയിരുന്നത്. ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ടാണ് യുവാക്കള്‍ ജീവന്‍ നിലനിര്‍ത്തിയത്.
കൊല്ലം ചന്ദനത്തോപ്പിലെ ഏജന്റ് മുഖേനയാണ് 4 പേരും ദുബായില്‍ എത്തിയത്. ഇതിനായി 80,000 രൂപ വീതം ഓരോരുത്തരും ഏജന്റിനു നല്‍കിയതായി പറയുന്നു. ചെന്നൈയിലെ ഏജന്റ് വഴി ചെന്നൈ എയര്‍പോര്‍ട്ട് വഴിയാണ് സുബിന്‍ ദുബായില്‍ എത്തിയത്. 20,000 രൂപ കേരളത്തിലെ ഏജന്റിനും, 20,000 രൂപ ചെന്നൈയിലെ ഏജന്റിനും 40,000 രൂപ ദുബായിലെ ഏജന്റിനുമാണു നല്‍കിയത്. പാക്കിങ് ഹെല്‍പര്‍, ഹോസ്പിറ്റല്‍ ക്ലീനിങ് എന്നീ വിഭാഗങ്ങളിലേക്ക് ജോലി നല്‍കാം എന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്.
എന്നാല്‍ ദുബായില്‍ എത്തിയപ്പോള്‍ കൂട്ടിക്കൊണ്ടു പോകാനും മറ്റും ആരുമില്ലാതെ സ്വയം പണം മുടക്കിയാണ് ഇവര്‍ മുറിയിലെത്തിയത്. പത്ത് ദിവസത്തിനകം പെര്‍മിറ്റ് വീസ എടുത്ത് നല്‍കാമെന്നാണ് ദുബായിലെ ഏജന്റ് പറഞ്ഞിരുന്നതെങ്കിലും ഇവരെ ഒരുമാസം അജ്മാനിലും പിന്നീട് അല്‍ഐനിലും നിര്‍ത്തി. ദിവസവും വ്യത്യസ്ത വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ജോലി നല്‍കിയില്ല എന്ന് തട്ടിപ്പിനിരയായ സുബിന്‍ പറഞ്ഞു. ദുബായില്‍ എത്തി ആദ്യത്തെ ഒരാഴ്ച കേരളത്തിലെ ഏജന്റുമായി 4 പേരും ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് ഏജന്റിന്റെ ഭാര്യയുമായി കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ 2 ദിവസത്തിനകം ജോലി നല്‍കുമെന്നു പറഞ്ഞിരുന്നു. ഇതിനിടെ 4 പേരുടെയും നാട്ടിലെ ബന്ധുക്കള്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കി. നാട്ടില്‍ നിന്നും ടിക്കറ്റ് അയച്ചു തന്നാല്‍ വിടാമെന്ന നിലപാടിലായിരുന്നു ഏജന്റ് സംസാരിച്ചത്. സമീപത്തെ പാര്‍ക്കില്‍ ഭിക്ഷ യാചിച്ചു കിട്ടിയ അഞ്ചോ പത്തോ ദര്‍ഹം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയത് എന്ന് യുവാക്കള്‍ പറഞ്ഞു. സംഭവം ദുബായ് എംബസിയില്‍ അറിഞ്ഞതിനു ശേഷം ഇവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു. ശേഷം ദുബായിലെ തൊഴിലുടമയില്‍ നിന്ന് ഇവരുടെ പാസ്‌പോര്‍ട്ട് എംബസി മുഖേന വാങ്ങി എംബസി തന്നെ ടിക്കറ്റ് എടുത്തു നല്‍കിയാണ് യുവാക്കള്‍ തിരികെ നാട്ടിലെത്തിയത്.
Post Your Comments