ന്യൂഡല്‍ഹി : ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ത്ഥി തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രത്തിന്റെ വാദം. പൗരത്വ പട്ടികയുടെ അന്തിമ കരടില്‍ അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്നും പട്ടിക പുനഃപരിശോധിക്കണം എന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേസ് ഈ മാസം 23 ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി.
അന്തിമ കരട് പട്ടികയില്‍ ലക്ഷക്കണക്കിന് നിയമവിരുദ്ധ അഭയാര്‍ത്ഥികള്‍ കടന്ന് കൂടിയിട്ടുണ്ട്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഈപ്രശ്നം വ്യാപകമാണ്. എന്‍ ആര്‍ സി ഉദ്യോഗസ്ഥരുടെ പ്രാദേശിക താല്‍പര്യങ്ങളാണ് കാരണം എന്നും കേന്ദ്രത്തിനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത വാദിച്ചു. ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ത്ഥി തലസ്ഥാനമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള കരട് പട്ടികയിലെ പരാതികളില്‍ 27 ശതമാനം പുനഃപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി എന്‍ ആര്‍ സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹലീജ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അസമിലെ വെള്ളപ്പൊക്കവും എന്‍ ആര്‍ സി പ്രക്രിയയെ ബാധിച്ചെന്നും ഹലീജ പറഞ്ഞു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഈ മാസം 31 നകം അസം പൗരത്വ പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് സമയം നീട്ടി നല്‍കണം എന്നാണ് കേന്ദ്രത്തിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം. ഇക്കാര്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കവെയാണ് പൗരത്വ പട്ടികയുടെ അന്തിമ കരടില്‍ പുനഃപരിശോധനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി തേടിയത്.
Post Your Comments