ചെന്നൈ: കൊലപാതകകുറ്റത്തിന് കോടതി ശിക്ഷിച്ച ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ മരിച്ചു. ജീവനക്കാരനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ പുഴല്‍ സെട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ജീവപര്യന്തം ശിക്ഷ വിധിച്ചതിനു ശേഷം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജഗോപാല്‍ കീഴടങ്ങല്‍ വൈകിപ്പിച്ചതില്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ആംബുലന്‍സിലെത്തി രാജഗോപാല്‍ കീഴടങ്ങിയത്. തുടര്‍ന്ന് പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിന്റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു.
2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശരവണ ഭവനിലെ ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ജ്യോതിയുടെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയിലെ ‘ദോശരാജാവ്’ എന്നറിയപ്പെടുന്ന രാജഗോപാലിനെ അഴിക്കുള്ളിലാക്കിയത് . 2004ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവിനാണ് രാജഗോപാലിനെ ശിക്ഷിച്ചത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതോടെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം 7 വരെ സാവകാശം നല്‍കിയെങ്കിലും 4ന് ആശുപത്രിയില്‍ പ്രവേശിച്ച രാജഗോപാല്‍ ജയില്‍വാസം വൈകിപ്പിക്കാന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2 ഭാര്യമാരുണ്ടായിരുന്ന രാജഗോപാല്‍, ജീവജ്യോതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതു ജ്യോത്സ്യന്റെ ഉപദേശപ്രകാരമായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ വ്യവസായത്തില്‍ കൂടുതല്‍ അഭിവൃദ്ധി ഉണ്ടാകുമെന്നായിരുന്നു പ്രവചനം. അന്ന് അവിവാഹിതയായ ജീവജ്യോതിക്ക് 22 വയസും രാജഗോപാലിനു 50 വയസുമായിരുന്നു പ്രായം. ആഗ്രഹം ജീവജ്യോതിയെ അറിയിച്ചെങ്കിലും അവര്‍ തള്ളി. പിന്നീട് കുടുംബത്തെ പലരീതിയില്‍ ഉപദ്രവിക്കുകയായിരുന്നു. ജീവജ്യോതി വിവാഹിതയായതോടെ ജ്യോതിയുടെ ഭര്‍ത്താവിനെ വാടക കൊലയാളിയെ ഉപയോഗിച്ചു വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. എന്നാല്‍, 2001ല്‍ ഗുണ്ടകളെ നിയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments