
കൊച്ചി: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചതാണ് കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്ഥലപരിശോധന കൂടാതെയാണ് കെട്ടിട നിര്‍മാണത്തിനുള്ള പ്ലാന്‍ തയാറാക്കിയത്. ജനങ്ങള്‍ കൂടുന്ന സ്ഥലമായതിനാലാണ് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്.
സാജന്റെ മരണ ശേഷം ചീഫ് ടൗണ്‍പ്ലാനര്‍ ഒരു സംഘത്തെ പരിശോധനകള്‍ക്കായി നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തല്‍ പ്രകാരം സാജന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിക്കുകയും അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്തുകയും ചെയ്തു. നേരത്തെ പ്ലാന്‍ അംഗീകരിച്ചതു തന്നെ രണ്ടു തവണ മാറ്റങ്ങള്‍ വരുത്തിയാണ്.
പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ മരണത്തെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കി.
കെട്ടിടത്തിന്റെ നിര്‍മാണ ഘടന കോണ്‍ക്രീറ്റില്‍ നിന്ന് സ്റ്റീല്‍ ആക്കി മാറ്റിയതാണ് പ്രധാന ചട്ടലംഘനം. കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്കു തൂണുകളും ഷീറ്റുകളും ഉപയോഗിച്ചു. ഇതെല്ലാം കൊണ്ടാണ് അനുമതി വൈകിപ്പിച്ചത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കാര്യമറിയാതെയാണ് എല്ലാപഴിയും നഗരസഭയുടെ ചുമലില്‍ വെച്ച് കെട്ടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments