മുംബൈ: ഗതാഗത തടസ്സം ഉണ്ടാക്കിയത് ചോദ്യംചെയ്യുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ ചേര്‍ന്ന് ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. താനെ സ്വദേശികളായ മൂന്നു പേരാണ് പോലീസുകാരനെ തട്ടിക്കൊണ്ട് പോയത്. മൂന്ന് പേരും യാത്ര ചെയ്യുമ്പോൾ ഛദ്ദ നഗറിലെ തിരക്കേറിയ പാതയ്ക്കു മധ്യത്തില്‍ വെച്ച് വാഹനം നിന്നുപോയി. അമിതമായി മദ്യപിച്ച് ലക്കുകെട്ടിരുന്നതിനാല്‍ വാഹനം വീണ്ടും മുന്നോട്ടെടുക്കാനോ മാറ്റിയിടാനോ ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെ റോഡിൽ ഗതാഗത തടസ്സമുണ്ടായി.
ഉടൻ തന്നെ ട്രാഫിക് കോണ്‍സ്റ്റബിളായ വികാസ് മുണ്ടെ സ്ഥലത്തെത്തുകയും ഡ്രൈവറോട് വാഹനം റോഡരികിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മറ്റു രണ്ടു പേരും കാറില്‍നിന്ന് ഇറങ്ങുകയും മുണ്ടെയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.തുടര്‍ന്ന് ബലമായി അദ്ദേഹത്തെ കാറിനകത്തേയ്ക്ക് തള്ളിക്കയറ്റുകയും തട്ടിക്കൊണ്ട് പോകുകയുമായിരുന്നു. ഇതിനിടയില്‍ തന്റെ വയര്‍ലെസ്സിലൂടെ സംഭവത്തെക്കുറിച്ച് കണ്‍ട്രോല്‍ റൂമിലേയ്ക്ക് വിവരം കൈമാറാന്‍ മുണ്ടെയ്ക്ക് കഴിഞ്ഞു. വിവരമറിഞ്ഞ് ഒരു സംഘം പോലീസുകാര്‍ മദ്യപരുടെ വാഹനത്തെ പിന്തുടരുകയും ട്രാഫിക് പോലീസുകാരനെ രക്ഷിക്കുകയുമായിരുന്നു.
Post Your Comments