Devotional

കർക്കിടകത്തിലെ നാലമ്പല ദർശനവും മരുന്ന് കഞ്ഞിയും

വേനലിന്റെ രൂക്ഷതയില്‍ നശിച്ചുപോയ വിഭവങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്ന കാലമാണ് കർക്കിടകം. പഞ്ഞ മാസം എന്നൊക്കെ പണ്ടുള്ളവർ വിളിച്ചിരുന്നത് കനത്ത മഴയിൽ ജോലിയും കൂലിയും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നത് കൊണ്ടാണ്. ഇപ്പോൾ സാഹചര്യങ്ങൾ കുറച്ചൊക്കെ മാറി. പഞ്ഞ മാസമെന്ന പേര് ദോഷത്തിൽ നിന്ന് പുണ്യ മാസം എന്ന നല്ല നാളുകളിലേക്ക് കർക്കിടകം പുനർജനിച്ചു.

മരുന്ന് കഞ്ഞി
മനുഷ്യ ശരീരത്തിന്റെ പുനരുജ്ജീവനത്തിനും വൃക്ഷലതാദികളുടെ വളര്‍ച്ചയ്ക്കും കര്‍ക്കിടക മാസം കാരണമാകുന്നു. അതുകൊണ്ടാണ് ആ കാലത്ത് നാം മരുന്നു കഞ്ഞി മുതലായവ ഉപയോഗിക്കുന്നതും മറ്റും.മരുന്ന് കഞ്ഞി കഴിക്കുമ്പോൾ ലഹരിപാനീയങ്ങളും മത്സ്യമാംസാദികളും വര്‍ജ്ജിക്കണം
നാട്ടാചാര പ്രകാരം മരുന്നു കഞ്ഞി പല ഭാഗത്തും പലരീതിയിലാണ്. കുറുന്തോട്ടി വേര്, ജീരകം, പഴുക്കപ്ലാവില ഞെട്ട് എന്നിവ അരച്ച് ആട്ടിന്‍പാലും പശുവിന്‍ പാലും ചേര്‍ത്തതില്‍ കലക്കി വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ച് നവരയുടെ പൊടിയരിയിട്ട് വെന്തുപാകമായാല്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഒരു രീതി.

പാടത്തിറങ്ങി പണി ചെയ്യുന്നവര്‍ ഇടിഞ്ഞിലിന്‍ തൊലി, പെരുകിന്‍ വേര് മുതലായവ ചതച്ചിട്ട വെള്ളത്തില്‍ കഞ്ഞിയുണ്ടാക്കിയാണ് കഴിക്കാറ്.മുക്കുറ്റി, വിഷ്ണുകാന്തി, തിരുതാളി, പൂവാംകുറുന്തല്‍, കൈതോന്നി, മുയല്‍ചെവിയന്‍ എന്നിങ്ങനെ മുപ്പതില്‍പ്പരം ഔഷധങ്ങള്‍ ചേര്‍ത്ത് കര്‍ക്കടകകഞ്ഞി തയ്യാറാക്കുന്നു. കഞ്ഞി കുടിക്കുന്നവര്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചേ ഉപയോഗിക്കാവൂ. മരുന്നു കഞ്ഞി കുടിച്ച്‌ ദഹനശേഷി വര്‍ദ്ധിപ്പിച്ച്‌ ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രാപ്‌തമാക്കാം. ഔഷധകഞ്ഞി കുടിക്കുമ്പോള്‍ ദഹനം വർദ്ധിക്കും.

ആന്തരീകാവയവങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാനും മരുന്നുകഞ്ഞി സഹായിക്കും.
ഔഷധക്കഞ്ഞിക്കുള്ള മരുന്നു കൂട്ടുകള്‍ അരിയുള്‍പ്പെടെ ഇപ്പോള്‍ കടകളില്‍ ലഭ്യം. കര്‍ക്കിടകം ഒന്നു മുതല്‍ പതിനാലു ദിവസമോ മാസം മുഴുവനുമോ മരുന്നു കഞ്ഞി കുടിക്കുന്നത്‌ നല്ലതാണ്‌. ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആയൂര്‍വേദ ചികിത്സ നടത്തുന്നതിനും ഏറ്റവും യോജിച്ച മാസം കൂടിയാണ് കര്‍ക്കടകം. ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് ആയൂര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.

കർക്കിടകത്തിൽ പത്തിലക്കറി കഴിക്കുന്ന പതിവ് പണ്ടുണ്ടായിരുന്ന.ഇലക്കറിയില്‍ പത്തിലക്കറി എന്നൊന്നുണ്ട്. താള്, തകര, എരുമക്കൊടുത്തായം, പയറ്, ഉഴുന്ന്, മത്തന്‍, കുമ്പളം, മുരിങ്ങ, ചീര മുതലായവയാണ് പത്തിലക്കറി.സുഖചികിത്സയ്ക്ക് പ്രായപരിധിയില്ല. ഇളം പ്രായക്കാര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും ഒരു പോലെ ഈ ചികിത്സ തേടാം. സുഖചികിത്സയുടെ ഫലമായി ശരീരത്തിന്റെ രക്തചംക്രമണം സാധാരണ നിലയിലാകുന്നതോടൊപ്പം ദഹനപ്രക്രിയ നേരെയാകുകയും ചെയ്യുന്നു.

നാലമ്പല ദർശനം
രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ്‌ നാലമ്പല തീര്‍ത്ഥാടനയാത്ര. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്‌മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നീ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത്‌ ശ്രേയസ്‌ക്കരമെന്നാണ്‌ വിശ്വാസം. അരോ വര്‍,വും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്‌. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button