തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇതിന്റെ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ ഫല്‍ഗുണന്‍ രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ക്രമസമാധാന പ്രശ്നം ആവാതിരിക്കാനാണ് ഇത് ചെയ്തത്. കോളേജില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ല. അതുകൊണ്ട് നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ചയ്ക്ക് വിളിക്കാനാണ് തീരുമാനമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
‘ക്യാംപസില്‍ എസ്.എഫ്.ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു.
നേതാക്കള്‍ അത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റുകയും ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.കൊടിമരം കോളേജിന് പുറത്ത് കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനാണെന്നും കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ക്യാമ്പസില്‍ കയറ്റില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാമ്പസിന് പുറത്ത് പൊലീസിന് കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ഇത്രകണ്ട് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Post Your Comments