KeralaLatest News

ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബോഗികള്‍ വേര്‍പെട്ടു; ഒഴിവായത് വന്‍ അപകടം

കൊല്ലം: എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. കൊച്ചുവേളിയില്‍ നിന്നും ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ് സംഭവം. ട്രെയില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തിങ്കളാഴ്ച രാവിലെ 10.30-നാണ് തീവണ്ടി കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. തുടര്‍ന്ന് 15 മിനുട്ടുകള്‍ക്ക് ശേഷം 10.45ന് ട്രെയിന്‍ വീണ്ടും പുറപ്പെട്ടു. 100 മീറ്ററോളം മുന്നോട്ട് നീങ്ങുന്നതിനിടെ വണ്ടി വീണ്ടും പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. അതോടെ എന്‍ജിനില്‍ നിന്നും ആറാമതുള്ള ബി-4 കോച്ച് തൊട്ടുപിന്നിലുള്ള ബി-3യില്‍ നിന്നും വേര്‍പെട്ടു. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേര്‍പെട്ടതാണ് അപകടത്തിന് കാരണം.

വണ്ടി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടയുടന്‍ യാത്രക്കാരില്‍ ഒരാള്‍ ഇറങ്ങാനുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനായി ട്രെയിന്‍ 40 മിനിറ്റോളം സ്റ്റേഷനില്‍ പിടിച്ചിട്ടു. 11.30 ഓടെയാണ് പ്രശ്‌നം പരിഹരിച്ച് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button