ന്യൂദല്‍ഹി : പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങുന്ന എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാതെ ഉഴപ്പുന്ന നേതാക്കളുടെ പട്ടിക ഓരോ ദിവസവും വൈകുന്നേരം നല്‍കണമെന്നും മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം മന്ത്രിമാരുടെ പട്ടിക കൈമാറാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോടാണ് മോദി ആവശ്യപ്പെട്ടത് . ചൊവ്വാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വാരാന്ത്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ കര്‍ശന നിര്‍ദേശം.
പല പ്രമുഖരായ എംപിമാരും മന്ത്രിമാരും പാര്‍ലമെന്റ് നടപടികളില്‍ സജീവമായി ഇടപെടുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദേശം. അല്‍പ്പ നേരം മാത്രം പാര്‍ലമെന്റില്‍ എത്തുക, പ്രധാന ചര്‍ച്ചകളുടെ ദിവസങ്ങളില്‍ മാത്രം പങ്കെടുക്കുക എന്നിങ്ങനെ ചെയ്യുന്ന എംപിമാരുമുണ്ട് എന്നാണ് ആക്ഷേപം.രാഷ്ട്രീയത്തിന് അപ്പുറത്തുള്ള ജോലികള്‍ എല്ലാ എംപിമാരും അവരുടെ മണ്ഡലത്തില്‍ ചെയ്യണമെന്നും മോദി പറഞ്ഞു. പല മണ്ഡലങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. മണ്ഡലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ വേഗത്തില്‍ എടുക്കണം. മറ്റു ജനകീയ വിഷയങ്ങളിലും ഇടപെടണം.
മണ്ഡലത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.ഈ മാസം തുടക്കത്തിലും പാര്‍ലമെന്റ് സമ്മേളനത്തിന് എത്താതെ മുങ്ങിയ പാര്‍ട്ടി അംഗങ്ങളെ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകളില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഓരോ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേരണമെന്നും മോദി അംഗള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൂടാതെ ക്ഷയം, കുഷ്ഠരോഗം തുടങ്ങിയവ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രത്യേക ദൗത്യങ്ങള്‍ ഏറ്റെടുക്കണമെന്നും മോദി പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments