Latest NewsIndia

ഇത് സുവർണ കാലഘട്ടം, ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും

ന്യൂഡൽഹി: ഇത് രാജ്യത്തിന്റെ സുവർണ കാലഘട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഇന്ത്യയെ വളർച്ചയെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്ര നിർമ്മാണത്തിൽ വനിതകളുടെ പങ്ക് വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. 78 -മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങൾ കണക്കിലെടുത്ത് ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button