KeralaLatest News

നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു ജീവിക്കുന്ന കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല സമിതിക്കു വേണ്ടി സംസാരിക്കുകയാണെന്ന് എന്‍ഇ സുധീര്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് നോവലെഴുതിയ അംബികാസുതന്‍ മാങ്ങാടിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ കാസര്‍ക്കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ഇ സുധീര്‍. സ്വന്തം നാട്ടുകാരുടെ വേദനയോട് ചേര്‍ന്നു നിന്ന അംബികാസുതന്‍ മാങ്ങാട് മാഷിനെ ഇങ്ങനെ അവഹേളിക്കാന്‍ ഈ കലക്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? സാഹിത്യവും ശാസ്ത്രവും എന്തായിരിക്കണം എന്ന് നിശ്ചയിക്കാന്‍ ഇയാളെ ആരാണ് ചുമതലപ്പെടുത്തിയത്? ഇതില്‍ ഗവണ്‍മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് സുധീര്‍ കുറിപ്പില്‍ പറയുന്നു.

എന്‍ഇ സുധീറിന്റെ കുറിപ്പ്:

കാസര്‍ഗോഡുകാരുടെ ഗതികേടിനെപ്പറ്റി പറയാതെ വയ്യ. എന്‍ഡോസള്‍ഫാന്റെ വിഷം അനുഭവിച്ചതിന്റെ നീറുന്ന വേദനകളുമായാണ് അവിടെ കുറെ മനഷ്യര്‍ ഇപ്പോഴും ജീവിക്കുന്നത്. എന്നാല്‍ അതിനെക്കാള്‍ മാരകമായ മറ്റെന്തോ കൊണ്ട് വിഷലിപ്തമായ ഒരു മനസ്സുമായി ഒരാള്‍ അവിടെ കലക്ടറായി വന്നിരിക്കുന്നു. ഡോ. സജിത്ത് ബാബു എന്നാണ് പേര്. ഈ ലക്കം സമകാലിക മലയാളം വാരിക കാണണം ഈ വിഷത്തിന്റെ കാഠിന്യമറിയാന്‍. അയാള്‍ വിഷം ചീറ്റുന്നത് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിനു നേരെയാണ്. അയാള്‍ കാര്‍ഷിക ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടത്രേ. അതിന്റെ പിന്‍ബലത്തിലാണ് പുലമ്പല്‍. എന്‍ഡോസള്‍ഫാന്‍ ഒരു വിഷമല്ലെന്നും കാസര്‍ഗോഡുകാരുടെ ദുരന്തകാരണം അതല്ലെന്നും പ്രഖ്യാപിക്കാനാണ് അയാളിതൊക്കെ പഠിച്ചത് എന്നു തോന്നുന്നു.

പണി കലക്ടറുടേതാണ്. കഞ്ഞികുടി നാട്ടുകാരുടെ നികുതിപ്പണം കൊണ്ടാണെന്നര്‍ത്ഥം. സര്‍ക്കാരുണ്ടാക്കിയ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തലവനുമാണ്. ‘ചോറിവിടെ കുറവിടെ ‘ എന്നു പറയുമ്പോലെ എന്‍ഡോസള്‍ഫാന്‍ അനുകൂല സമിതിക്ക് ഒത്താശ ചെയ്യലാണ് ഈ കലക്ടറുടെ ഇപ്പോഴത്തെ ജോലി. ഞാന്‍ പഠിച്ചതൊക്കെ മറന്നു കൊണ്ട് അംസികാസുതന്‍ മങ്ങാടിനെപ്പോലുളള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ എന്നാണ് പുള്ളി ചോദിക്കുന്നത്. പുള്ളിക്കാരന്റെ കാര്‍ഷിക ശാസ്ത്രം ഇങ്ങനെ തുടരുന്നു: ‘ നമ്മുടെ ഭരണഘടന പറയുന്നതു തന്നെ ശാസ്ത്രം വളര്‍ത്താനല്ലേ , അല്ലാതെ സാഹിത്യം വളര്‍ത്താനല്ല… ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ് … നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ.’ കാര്‍ഷികത്തമ്പുരാന്റെ ഈ വിഷഗീര്‍വാണം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

സ്വന്തം നാട്ടുകാരുടെ വേദനയോട് ചേര്‍ന്നു നിന്ന അംബികാസുതന്‍ മാങ്ങാട് മാഷിനെ ഇങ്ങനെ അവഹേളിക്കാന്‍ ഈ കലക്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? സാഹിത്യവും ശാസ്ത്രവും എന്തായിരിക്കണം എന്ന് നിശ്ചയിക്കാന്‍ ഇയാളെ ആരാണ് ചുമതലപ്പെടുത്തിയത്? ഇതില്‍ ഗവണ്‍മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഒരു സിവില്‍ സര്‍വന്റ് മുന്നോട്ടു വെക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അയാളുടെ വായടപ്പിക്കാന്‍ സര്‍ക്കാരിന് കഴിയണം. അംബികാസുതന്‍ മാങ്ങാടിനെ അപമതിച്ചതിന് അയാളെക്കൊണ്ട് മാപ്പു പറയിക്കണം. ഇതിനായും സാംസ്‌കാരിക കേരളം ഉണരണം. എര്‍ഡോസള്‍ഫാന്റെ ഇരകളുടെ ജീവിതം ഈ കലക്ടറുടെ തലതിരിഞ്ഞ ബുദ്ധിക്ക് ഇരയാകാതെ നോക്കണം. അയാളെ ഉടന്‍ അവിടെ നിന്ന് മാറ്റണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button