കൊല്‍ക്കത്ത: നടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. ബംഗാളി നടിയായ അരുണിമ ഘോഷിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.അരുണിമ ഘോഷ് നല്കിയ പരാതിയില്‍ തെക്കന്‍ കൊല്‍ക്കത്തയിലെ ഗാര്‍ഫ പ്രദേശവാസിയായ മുകേഷ് ഷായാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
മെയ് 30 മുതല്‍ നടിയുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് അക്കൗണ്ടില്‍ പ്രതി നിയമവിരുദ്ധമായ അഭിപ്രായങ്ങളും ഭീഷണികളും അധിക്ഷേപങ്ങളും പോസ്റ്റ് ചെയ്ത് വരികയാണ്. ഇതിനായി മുകേഷ് മയൂഖ് എന്ന പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ നടിക്കെതിരെ ഇയാള്‍ ഇത്തരത്തിലൊരു നീക്കം നടത്തുവാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്തതെന്ന് കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസികപ്രശ്നമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, തുടക്കത്തില്‍ ഇയാളുടെ പ്രവൃത്തികളെ താന്‍ അവഗണിക്കുകയായിരുന്നു എന്നും അപ്പോള്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്നെ പിന്തുടര്ന്ന് ഇയാള്‍ ശ്രദ്ധിക്കുന്നതായി മനസിലാക്കിയെന്നും അതിനാലാണ് കൊല്‍ക്കത്ത പോലീസിന്റെ സഹായം തേടിയതെന്നും നടി വ്യക്തമാക്കി.
Post Your Comments