തിരുവനന്തപുരം: തിരുവനന്തപുരത്ത് കടയുടെ അകത്ത് കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. കല്ലാറ്റുമുക്ക് സ്വദേശി സൈദാലിയാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്ക് കടയില്‍ കിടന്നുറങ്ങുമ്പോഴാണ് എണ്‍പതുകാരിയായ രാജമ്മയുടെ മാല പ്രതി പിടിച്ചുപറിച്ചത്. സ്‌കൂട്ടറില്‍ എത്തിയ സൈദാലി കടയിലേക്ക് കയറിവന്ന് തൊട്ടുത്തുള്ള കടയില്‍ ആളുണ്ടോ എന്ന് ചോദിച്ച ശേഷം പെട്ടന്ന് കഴുത്തില്‍ കിടന്ന മാല പിടിച്ചു പറിക്കുകയായിരുന്നു. മൂന്ന് പവന്‍ തൂക്കമുള്ള മാലയായിരുന്നു ഇത്. സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സൈദാലിയെ തിരിച്ചറിഞ്ഞത്. പിന്നാലെ ഷാഡോ സംഘത്തിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിയെ പിടകൂടുകയായിരുന്നു.
ഇയാളുടെ കൈയില്‍ നിന്നും മാലയുടെ ഭാഗം കണ്ടെടുത്തിട്ടുണ്ട്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സെയ്ദാലിക്കെതിരെ വലിയതുറയിലും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലും മോഷണ കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് വൃദ്ധരുടെ മാല പൊട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments