KeralaLatest News

വൈകിയോട്ടം പതിവാകുന്നു; എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ആറുമാസത്തിനിടെ കൃത്യമായി ഓടിയത് 67 ദിവസം

തൃശ്ശൂര്‍: യാത്രക്കാര്‍ ഏറെയുള്ള വൈകിട്ടത്തെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞമാസം കൃത്യസമയത്ത് ഓടിയത് ആകെ മൂന്നു ദിവസം മാത്രം. റെയില്‍വേ ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇ- ട്രെയിന്‍ ഇന്‍ഫോ എന്ന മൊബൈല്‍ ആപ്പ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ആറുമാസത്തിനിടെ (180 ദിവസം) കൃത്യമായി ഓടിയത് 67 ദിവസം മാത്രമാണ്. 37.22 ശതമാനം ദിവസമാണ് ട്രെയിന്‍ കൃത്യത പാലിച്ചത്

വൈകിയോട്ടത്തിന് കുപ്രസിദ്ധി നേടിയ ട്രെയിനാണ് 56364-ാം നമ്പര്‍ പാസഞ്ചര്‍. ദിവസവും വൈകീട്ട് 5.35-ന് എറണാകുളം ജങ്ഷനില്‍ നിന്നാണ് ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ക്ക് പുറപ്പെടുന്നത്. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്. നാലു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ഷൊര്‍ണൂരെത്തേണ്ട വണ്ടി ഭൂരിഭാഗം ദിവസങ്ങളിലും അഞ്ചര മണിക്കൂര്‍ വരെ വൈകാറുണ്ട്. ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് ഏഴുവരെ കണക്കുപ്രകാരം ഒരു മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയത് ഒമ്പതു ദിവസമാണ്. ജൂണ്‍ 19-ന് രണ്ടു മണിക്കൂര്‍ രണ്ടു രണ്ടുമിനിറ്റ് വൈകിയാണ് ഈ ട്രെയിന്‍ ഷൊര്‍ണൂരെത്തിയത്. ട്രെയിന്‍ വള്ളത്തോള്‍ നഗറില്‍ എത്തേണ്ട സമയം രാത്രി 8.14 ആണ്. എന്നാല്‍ നാലു കിലോമീറ്റര്‍ മാത്രം അപ്പുറത്തുള്ള ഷൊര്‍ണൂരില്‍ എത്തേണ്ട സമയം പിന്നെയും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണെന്നതും യാത്രക്കാരെ വലയ്്ക്കുന്നു.

ഏഴ് ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ എറണാകുളം നോര്‍ത്ത്, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, പൂങ്കുന്നം എന്നീ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നതാണ് ഈ പാസഞ്ചറിലെ യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്. കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എന്നീ ട്രെയിനുകള്‍ക്കു വേണ്ടിയാണ് എറണാകുളം നോര്‍ത്തില്‍ പതിവായി പിടിച്ചിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button