ബറേലി: അലഹബാദ് ഹൈക്കോടതി പരിസരത്തു നിന്നും തട്ടിക്കൊണ്ടുപോയ ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും പോലീസ് രക്ഷിച്ചു. ബിജെപി എംഎല്‍എയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് രക്ഷിച്ചത്.
കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നില്‍ക്കുമ്പോള്‍ കറുത്ത എസ്യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും രക്ഷിച്ചത്. ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം തേടി ഇരുവരും ഹൈക്കോടതിയെ സമീപിക്കാന്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ വിവാഹം കഴിക്കാന്‍ സഹായിച്ച സുഹൃത്ത് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
ഇവരുടെ വിവാഹത്തിന് സഹായങ്ങള്‍ നല്‍കിയ സുഹൃത്ത്, സാക്ഷിയുടെ അച്ഛന്‍ രാജേഷ് മിശ്രയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോട്ടുകള്‍. മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായ വ്യത്യാസമുണ്ടെന്നും, അജിതേഷിന് വരുമാനം കുറവാണെന്നും ഇക്കാര്യങ്ങളിലാണ് തന്റെ ഉത്കണ്ഠയെന്നുമാണ് രാജേഷ് മിശ്ര വിഷയത്തില്‍ പ്രതികരിച്ചത്. മകളെ ഉപദ്രവിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments