ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ശക്തം. യുവരക്തം വരുന്നതിന് തടയിട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ രാഹുല്‍ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ശ്രമവും വിജയം കണ്ടില്ല. മുഖ്യ മാനദണ്ഡം അനുഭവപരിചയമായിരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വാദം. മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവരുടെ പേരുകളാണ് ഇടക്കാല അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
സച്ചിന്‍ പൈലറ്റിനെയോ ജ്യോതിരാദിത്യ സിന്ധ്യയെയോ പോലുള്ള യുവനേതാക്കളെ നിര്‍ണായക ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇത് എതിര്‍ത്തു. കരുത്തനായ പാര്‍ടി അധ്യക്ഷനെ കണ്ടെത്തിയാല്‍മാത്രമേ പാര്‍ടിക്ക് പിടിച്ചുനില്‍ക്കാനാകൂവെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ആരാകണം ഇതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം കര്‍ണാടകത്തിലെയും ഗോവയിലെയും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന്
മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ സോണിയ ഇത് നിരസിച്ചു.
ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ യോഗം ചേര്‍ന്നിരുന്നെങ്കിലും സര്‍വസമ്മതനെ തെരഞ്ഞെടുക്കാനാകാതെ പിരിയുകയായിരുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെയ് 25നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്. ആഴ്ചകള്‍ പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താത്തത് ആശങ്കപ്പെടുത്തുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വൈകുന്നത് വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറ തകര്‍ക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കിടുന്നുണ്ട്.
ലോക്‌സഭാതെരഞ്ഞെടുപ്പിന് പിന്നാലെ ഉടലെടുത്ത കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വഴിയില്ലാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്.രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റിനെപോലും കണ്ടെത്താനാകാതെ പാര്‍ടി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. അടുത്ത ആഴ്ച പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നും ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments