മനാമ> സൗദിയില്‍ റീ-എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി വരുന്ന വീട്ടു വേലക്കാരികള്‍ക്ക് വിമാനതാവളങ്ങളില്‍ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. സ്പോണ്സര് വരുന്നതുവരെ എയര്‍പോര്‍ട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളില്‍ ഇവര്‍ കാത്തിരിക്കേണ്ടതില്ല. വേലക്കാരികളെ സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ടിലെ വിശ്രമ കേന്ദ്രത്തെ സ്പോണ്‍സര്‍മാര്‍ സമീപിക്കേണ്ട ആവശ്യവുമില്ല. ഇക്കാര്യത്തില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ മന്ത്രാലയം നീക്കി. ഈ മാസം പതിനഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍വരും.
ഇതുവരെ റീ-എന്‍ട്രി വിസയില്‍ തിരിച്ചുവരുന്ന വേലക്കാരികളെ എയര്‍പോര്‍ട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. സ്പോണ്‍സര്‍മാര്‍ നേരിട്ടെത്തി ഇവിടങ്ങളില്‍ നിന്ന് വേലക്കാരികളെ സ്വീകരിക്കുയാണ് വേണ്ടിയിരുന്നത്. ഇതാണ് മന്ത്രാലയം ഒഴിവാക്കിയത്. ഇതോടൊപ്പം പുതിയ വിസയില്‍ വരുന്ന വേലക്കാരികളെ എയര്‍പോര്‍ട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളെ സമീപിച്ച് സ്പോണ്‍സര്‍മാര്‍ നേരിട്ട് സ്വീകരിക്കുന്ന രീതിയും മന്ത്രാലയം നീക്കി. ഇതിനു പകരം പുതിയ വിസയില്‍ വരുന്ന വേലക്കാരികളെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കായിരിക്കും.
തുടര്‍ന്ന് വേലക്കാരികളെ റിക്രൂട്ട്മെന്റ് ഓഫീസുകളും കമ്പനികളും തങ്ങള്‍ക്കു കീഴിലുള്ള താല്‍ക്കാലിക അഭയ കേന്ദ്രത്തിലേക്കു മാറ്റണം. പിന്നീടാണ് സ്പോണ്സര്മാര്ക്ക് കൈമാറേണ്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ ആരംഭിച്ച രണ്ടു പദ്ധതിയും വൈകാതെ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.
ഏകീകൃത റിക്രൂട്ട്മെന്റ് കരാര്‍ അനുസരിച്ച് സ്പോണ്‍സര്‍മാരുമായി കരാര്‍ ഒപ്പുവെച്ച് 90 ദിവസത്തിനകം വേലക്കാരെ എത്തിച്ചുനല്‍കാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് കരാര്‍ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്താനും തീരുമാനമുണ്ട്.
Post Your Comments