തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നത് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും.കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിൽ ഒന്നാംപ്രതിയായ ശിവരഞ്ജിത്ത് സിവിൽ പോലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഒന്നാമനാണ്.
അടുത്തിടെ നടന്ന പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്. ആർച്ചറിയിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തതിന് 13.58 മാർക്ക് അധികവും നേടി. ഇതുൾപ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയർന്ന മാർക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്.രണ്ടാംപ്രതി നസീമും ഇതേ പട്ടികയിൽ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആർ. പരീക്ഷയിൽ 65.33 മാർക്കാണ് നസീം നേടിയത്.
അതേസമയം ഇരുവരും കാസർകോട് ബറ്റാലിയനിലേക്കാണ് അപേക്ഷ നൽകിയതെങ്കിലും സ്വന്തം കോളേജിൽത്തന്നെയാണ് പരീക്ഷ എഴുതിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരും.
Post Your Comments