ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും വരെ റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറിയില്‍ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ലെന്നും 2014ലാണ് അദ്യ കോച്ച് ഇവിടെ നിര്‍മ്മിച്ചതെന്നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. 2017-18ഓടെ പ്രതിവര്‍ഷം 711 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. അതിനുശേഷവും പുതിയ എന്‍ജിനിയര്‍മാരെ നിയോഗിക്കുകയും പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്തതോടെ 2018-19ല്‍ 1425 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഫാക്ടറിക്ക് കഴിഞ്ഞു.
ഇതു സംബന്ധിച്ച വിഷയം ലോക്സഭയില്‍ ഉന്നയിച്ച അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.ബിജെപി അധികാരത്തില്‍ വരുന്നതുവരെ അവിടെ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കുകയോ ടെണ്ടര്‍ നടപടികള്‍ തുടങ്ങുകയോ ചെയ്തിട്ടില്ല. മോദി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജീവനക്കാരെ നിയമിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാല്കരിക്കാന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ ലോകം മുഴുവന്‍ എത്തുന്ന സാഹചര്യമുണ്ടാകും. നിരവധി പേര്‍ക്ക് തൊഴില്‍ നല്കാന് അതോടെ കഴിയും. പ്രതിവര്‍ഷം 5000 കോച്ചുകള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കോച്ച് നിര്‍മാണ ഫാക്ടറിയായി അതിനെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.
Post Your Comments