ന്യൂഡല്‍ഹി: ദേശീയ മിനിമംകൂലി നിശ്ചയിക്കുന്നതില്‍ സുപ്രീംകോടതി ഉത്തരവും ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐഎല്‍സി) മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഭക്ഷണം, വസ്ത്രം, വീട്ടുവാടക, ഇന്ധനം,- വെളിച്ചം, മറ്റ് പലവക ചെലവുകള്‍ എന്നിവയ്ക്ക് വേണ്ടിവരുന്ന തുക കണക്കാക്കി മിനിമം കൂലി നിശ്ചയിക്കാനാണ് 15–ാം ഐഎല്‍സി നിര്‍ദേശിച്ചത്. സുപ്രീംകോടതിയാകട്ടെ 1992ലെ റപ്റ്റകോസ്– ബ്രെറ്റ് കേസില്‍ വിദ്യാഭ്യാസം, ചികിത്സ, വിനോദം, വിവാഹ– വാര്‍ധക്യകാല ചെലവുകള്‍ എന്നിവകൂടി മിനിമംകൂലി നിശ്ചയിക്കുമ്പോള്‍ പരിഗണിക്കണമെന്നും മിനിമംകൂലിയുടെ 25 ശതമാനം ഈ ചെലവുകള്‍ക്കായി നീക്കിവയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, നാല് തൊഴില്‍നിയമങ്ങള്‍ ലയിപ്പിച്ചുള്ള വേതനചട്ടത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ദേശീയ മിനിമം കൂലി ആശയത്തില്‍ ഇത് പരിഗണിച്ചിട്ടേയില്ല.
വേതനചട്ടത്തിലെ ദേശീയ മിനിമംകൂലി നിര്‍ദേശത്തെ തൊഴിലാളികള്‍ക്ക് ഗുണകരമായ പരിഷ്‌കാരമായാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന ദേശീയ മിനിമംകൂലി രാജ്യവ്യാപകമായി നടപ്പാക്കപ്പെടുമെന്നും ഇത് തൊഴിലാളികള്‍ക്ക് ഗുണകരമെന്നുമാണ് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാറിന്റെ അവകാശവാദം. നിലവില്‍ കേന്ദ്രം നിശ്ചയിച്ച മിനിമംകൂലി 176 രൂപയാണ്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള കമീഷന്‍ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചത് 18,000 രൂപയായിരുന്നു. ഐഎല്‍സി നിര്‍ദേശത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ നിര്‍ദേശം എല്ലാ തൊഴിലുകള്‍ക്കും ബാധകമായതിനാല്‍ മിനിമം കൂലി 18,000 രൂപയാക്കണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. മിനിമംകൂലി നിര്‍ണയത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമീഷന്‍ പ്രതിദിനം 375 രൂപയാണ് (മാസം 9750) ശുപാര്‍ശ ചെയ്തിട്ടുള്ളത്. വേതനചട്ടം നിലവില്‍ വന്നതിനുശേഷം കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന മിനിമം കൂലി 375 രൂപയ്ക്ക് അപ്പുറം പോകാന്‍ സാധ്യതയില്ല.
സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള വേതനചട്ടത്തില്‍ ഐഎല്‍സി നിര്‍ദേശമോ സുപ്രീംകോടതി ഉത്തരവോ പരാമര്‍ശിക്കാത്തതിനാല്‍ മിനിമംകൂലി നിശ്ചയിക്കുമ്പോള്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കില്ല. കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച വേതനചട്ടം അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രനീക്കം.
Post Your Comments